മൂവാറ്റുപുഴ: വാളകം കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം ഭാഗികമായതോടെ ശുദ്ധജലത്തിന് നാട്ടുകാർ നെട്ടോട്ടമോടുന്നു. വോൾട്ടേജ് ക്ഷാമം രൂക്ഷമായതാണ് കാരണമെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ സർക്കാർ മൂന്നു കോടി ചെലവിൽ നിർമിച്ച പദ്ധതിയിൽനിന്നു നൂറുകണക്കിന് കുടുംബാംഗങ്ങൾക്കാണ് കുടിവെള്ളമെത്തിക്കുന്നത്. വാളകം പഞ്ചായത്ത് രണ്ടാം വാർഡിലെ പൊട്ടുമുകൾ മലയിൽ നിർമിച്ച ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് മൂവാറ്റുപുഴയാറിൽനിന്നു വെള്ളമെത്തിച്ച് ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നത്.
വാളകം, കുന്നയ്ക്കാൽ, മേക്കടന്പ്, റാക്കാട്, അന്പലംപടി, കടാതി, പെരുവംമൂഴി എന്നിവിടങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നത് ഇവിടെനിന്നാണ്. കൂടാതെ മറ്റ് പഞ്ചായത്തുകളിലേക്കും ജല വിതരണം ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. എന്നാൽ വോൾട്ടേജ് ക്ഷാമം രൂക്ഷമായതോടെ രാത്രി 12 മുതൽ പുലർച്ചെ നാലുവരെയാണ് ഇവിടെ കുടിവെള്ള വിതരണം നടത്തുന്നുള്ളു. പകൽ സമയങ്ങളിൽ പദ്ധതി പ്രവർത്തിക്കത്തതുമൂലം ജല വിതരണം നടക്കുന്നില്ല. ഇത് ഉപഭോക്താക്കളെ വലക്കുകയാണ്.
സ്കൂളുകൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങളും ഈ കുടിവെള്ള പദ്ധതിയെയാണ് ആശ്രയിക്കുന്നത്. പകൽ സമയങ്ങളിൽ വെള്ളം ലഭിക്കാത്തതുമൂലം ചെറിയ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽപോലും ആവശ്യത്തിന് കുടിവെള്ളം വില നൽകി വാങ്ങേണ്ട ഗതികേടിലാണ്.
നിരവധി പരാതികൾ ജല അഥോറിറ്റിയെ അറിയിച്ചിട്ടും ആവശ്യമായ നടപടി സ്വീകരിക്കുന്നില്ല. വെള്ളം പന്പ് ചെയ്യുന്നതിന് ആവശ്യമായ വോൾട്ടേജ് സംവിധാനം ഇല്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ക്ലോറിനേഷൻ നടത്താതെയാണ് വെള്ളം വിതരണം ചെയ്യുന്നതെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
വേനലിലും കാലവർഷത്തും വെള്ളം സംഭരിക്കുന്നതിനു യാതൊരുവിധ ബുദ്ധിമുട്ടുമില്ലാത്ത മേഖലയാണിത്. എന്നിട്ടുപോലും കുടിവെള്ളമെത്തിക്കുവാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.