സ്വന്തം ലേഖകൻ
തൃശൂർ: ചൂളില്ല ഇനി ഈ പൂൾ കണ്ടാൽ. അത്രയ്ക്ക് സൂപ്പർ ലുക്കിലാണ് മ്മടെ തൃശൂരിലെ സ്വന്തം സ്വിമ്മിംഗ് പൂൾ പുതുക്കിപണിതിരിക്കുന്നത്. കുറച്ചുകാലം മുന്പ വരെ കണ്ടാൽ വിഷമം തോന്നുന്ന രൂപത്തിലായിരുന്ന തൃശൂർ അക്വാട്ടിക് കോംപ്ലെക്സിലെ സ്വിമ്മിംഗ് പൂൾ ഇപ്പോൾ ന്യൂജെൻ ലുക്കിലാണ്. പ്രാരാബ്ധങ്ങളും പോരായ്മകളും പഴങ്കഥയാക്കിക്കൊണ്ട് അക്വാട്ടിക് കോംപ്ലെക്സ് കിടു ലുക്കിൽ ഒരുങ്ങിക്കഴിഞ്ഞു.
അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച തൃശൂർ അക്വാട്ടിക് കോംപ്ലക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഈ മാസം 30ന് അക്വാട്ടിക് കോംപ്ലക്സ് തുറന്നു കൊടുക്കും. 1987ൽ നിർമ്മിച്ച തൃശൂർ അക്വാട്ടിക് കോപ്ലക്സ് കുറെ വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താതെ ശോചനീയാവസ്ഥയിൽ കിടക്കുകയായിരുന്നു. എ.സി.മൊയ്തീൻ കായികമന്ത്രിയായിരുന്ന സമയത്താണ് ഇവിടെ സന്ദർശിച്ച് നീന്തൽകുളത്തിന്റേയും മറ്റും ദുരവസ്ഥ മനസിലാക്കി പുനർനിർമാണത്തിനായി ഫണ്ട് അനുവദിച്ചത്. ഇപ്പോൾ അത്യാധുനിക രീതിയിൽ മനോഹരമായാണ് അക്വാട്ടിക് കോംപ്ലക്സ് പുനർനിർമ്മിച്ചിരിക്കുന്നത്.
അഞ്ചു കോടി രൂപ ചെലവിട്ടാണ് നിർമാണം പൂർത്തിയാക്കിയത്. സ്വിമ്മിംഗ്പൂൾ, ഡൈവിംഗ് പൂൾ എന്നിവിടങ്ങളിൽ പുതിയ ടൈൽ വിരിക്കൽ, പുതിയ ഹാന്റ് റെയിൽ സ്ഥാപിക്കൽ ഗാലറി നവീകരണം, നീന്തൽ വിദ്യാർഥികളുടെ ഹോസ്റ്റൽ നവീകരണം, ചുറ്റുമതിൽ സ്ഥാപിക്കൽ, പുറത്ത് ടൈൽ വിരിക്കൽ എന്നിവയാണ് പൂർത്തിയാക്കിയത്.
ആദ്യകാലത്ത് ക്ലോറിനേഷൻ ചെയ്താണ് സ്വിമ്മിംഗ് പൂളിലെ വെള്ളം ശുദ്ധീകരിച്ചിരുന്നതെങ്കിൽ ഇപ്പോൾ സ്പാനിഷ് ഫിൽട്ടറേഷനാണ് നടപ്പാക്കുന്നത്. സ്വിമ്മിംഗ് പൂളിൽ ശുദ്ധജലം ആയിരിക്കുമെന്നതും നീന്തുന്നവർക്ക് കണ്ണ് എരിയുന്നതടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെന്നതാണ് പ്രത്യേകത. നിലവിൽ കേരളത്തിൽ തിരുവനന്തപുരം പിരപ്പൻകോടിൽ മാത്രമാണ് ഇത്രയും സൗകര്യങ്ങളുള്ളത്.
സ്വിമ്മിംഗ് പൂൾ ജനകീയ നീന്തൽകുളമാക്കി മാറ്റി ഏറ്റവും കുറഞ്ഞ നിരക്കിൽ നീന്തൽ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മറ്റും നീന്താൻ സൗകര്യം ഏർപ്പെടുത്തുക, നീന്തൽ പഠിപ്പിക്കുക എന്നതാണ് ഇവർ ലക്ഷ്യമിടുന്നത്. 30ന് ഉച്ചയ്ക്ക് 12ന് ജില്ലയിലെ മൂന്നുമന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങിൽ കായികമന്ത്രി ഇ.പി.ജയരാജൻ നവീകരിച്ച അക്വാട്ടിക് കോംപ്ലക്സ് തുറന്നു കൊടുക്കും.