കോട്ടയം: നാഗന്പടം ബസ് സ്റ്റാൻഡ് തകർന്നു വൻ കുഴികൾ. കിഴക്കു വശത്തൂകൂടി സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വൻ കുഴികളാണ് ബസുകളെ വരവേൽക്കുന്നത്. മഴ ആരംഭിച്ചതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് യാത്രക്കാർക്ക് സമീപത്തു നിൽക്കാൻ പോലും കഴിയുന്നില്ല. ബസുകൾ കയറിറങ്ങി കുഴി ഓരോ ദിവസവും വലുതായി വരികയാണ്. പിന്നെ സ്റ്റാൻഡിനുള്ളിലും പലയിടത്തും കുഴികളാണ്.
കിഴക്കു ഭാഗത്തെ പാർക്കിംഗ് സ്ഥലത്തുനിന്ന് പുറത്തേക്ക് വരുന്ന പഴയ ഹോമിയോ ആശുപത്രി ഭാഗത്താണ് രണ്ടാമത്തെ വലിയ കുഴി. യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികളാണ് ഇവിടെയുള്ളത്. വെള്ളം നിറഞ്ഞ് കുഴികളുടെ ആഴം ഓരോ ദിവസവും വർധിക്കുകയാണ്. മഴയ്ക്കു മുൻപേ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നുവെങ്കിൽ മഴക്കാലത്ത് യാത്ര ബുദ്ധിമുട്ടേറിയതാകുമായിരുന്നില്ല.
കുഴിയിൽ ചാടി യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും നടുവൊടിയുന്നതല്ലാതെ നഗരസഭാ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നാണ് പരാതി.കോട്ടയം നാഗന്പടം ബസ് സ്റ്റാൻഡിലെ കുഴിയിൽ വെള്ളം നിറഞ്ഞു കിടക്കുന്നു.