മുക്കം: നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആൾമാറാട്ടം നടത്തി അധ്യാപകൻ വിദ്യാർഥികളുടെ പരീക്ഷയെഴുതിയ സംഭവത്തിൽ മൂന്നാം പ്രതി കീഴടങ്ങി. ഇന്ന് രാവിലെ 8.30 ഓടെയാണ് മൂന്നാം പ്രതിയും ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും പരീക്ഷ ഡെപ്യൂട്ടി ചീഫുമായ പി.കെ.ഫൈസൽ മുക്കം സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഫൈസൽ മുൻകൂർ ജാമ്യാപേക്ഷയുമായി കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. ഇതോടെയാണ് കീഴടങ്ങയത്. സംഭവം നടന്ന് മാസം ഒന്ന് കഴിഞ്ഞങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചിരുന്നില്ല. ഭരണകക്ഷിയുടേയും ഭരണപക്ഷ അധ്യാപക സംഘടനയുടേയും ശക്തമായ സമ്മർദം മൂലമാണ് അറസ്റ്റ് ചെയ്യാത്തതെന്നും ആരോപണമുയർന്നിരുന്നു.
ഇക്കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയിലാണ് മുക്കം നഗരസഭയിലെ നീലേശ്വരം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്, പ്ലസ്ടു വിദ്യാർഥികളുടെ പരീക്ഷ പേപ്പർ അധ്യാപകൻ മാറ്റി എഴുതുകയും തിരുത്തുകയും ചെയ്തത്.
നീലേശ്വരം ഹയർ സെക്കൻഡറി സ്കൂൾ കംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപകൻ നിഷാദ് വി.മുഹമ്മദാണ്പ്ല സ്ടു വിലെ മൂന്ന് വിദ്യാർത്ഥികളുടെയും പ്ലസ് വണ്ണിലെ നാല് വിദ്യാർഥികളുടേതും ഉത്തരക്കടലാസുകൾ പുർണമായും മാറ്റി എഴുതുകയും
പ്ലസ് വണ്ണിലെ 32 വിദ്യാർത്ഥികളുടേയും പ്ലസ്ടുവി ലെ ഒരു വിദ്യാർഥിയുടേയും ഉത്തരക്കടലാസുകൾ തിരുത്തുകയും ചെയ്തത്. സംഭവത്തിൽ കുറ്റക്കാരാണന്ന് കണ്ടെത്തി നീലേശ്വരം സ്കൂൾ പ്രിൻസിപ്പൽ കെ. റസിയ, പരീക്ഷ എഴുതിയ നിഷാദ് വി മുഹമ്മദ്, പരീക്ഷ ഡെപ്യൂട്ടി ചീഫ് പി.കെ. ഫൈസൽ എന്നിവർക്കെതിരെ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.
സംഭവശേഷം ഒളിവിൽ പോയ പ്രതികൾ നാട്ടിൽ തന്നെ ഉണ്ടന്ന വിവരം പുറത്ത് വന്നിട്ടും പോലീസ് കനത്ത അനാസ്ഥ തുടർന്നതിനെതിരെ പ്രതിഷേധവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്നാം പ്രതിയുടെ കീഴടങ്ങൽ .മറ്റ് പ്രതികളും ഉടൻ കീഴടങ്ങുമെന്നാണ് സൂചന .