ആറ്റിങ്ങൽ: അമ്മായിയമ്മയെ കൊലപ്പെടുത്തിയ കേസില്‍ കിളിമാനൂര്‍ കുന്നുമേല്‍ കരിക്കിനകത്ത് വീട്ടില്‍ സന്തോഷിനെ (38) പോലീസ് അറസ്റ്റ് ചെയ്തു. നഗരൂര്‍ ദര്‍ശനാവട്ടം ഗേറ്റ്മുക്ക് കുന്നില്‍വീട്ടില്‍ വസുമതിയാണ് കൊല്ലപ്പെട്ടത്. വസുമതിയുടെ മകള്‍ സതിയുടെ ഭര്‍ത്താവാണ് സന്തോഷ്.
കുത്തേറ്റ സതി തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ പ്രതി സതിയുടെ പേരിലുള്ള സ്കൂട്ടറിന്റെ രേഖകള്‍ ആവശ്യപ്പെട്ടു. രേഖകള്‍ കൊടുക്കാന്‍ സതി വിസമ്മതിച്ചപ്പോള്‍ മര്‍ദിക്കാന്‍ തുടങ്ങി. ഇത് വസുമതി തടയാന്‍ ശ്രമിച്ചപ്പോള്‍ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് രണ്ട് പേരെയും കുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം സ്കൂട്ടറില്‍ കയറി രക്ഷപ്പെട്ട സന്തോഷ് തമിഴ്നാട്ടിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്.റൂറല്‍ എസ്പി ബി. അശോകന്റെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നേതൃത്തില്‍ പോത്തന്‍കോട് ഐഎസ്എച്ച്ഒ ബിജുലാല്‍, നഗരൂര്‍ എസ്എച്ച്ഒ എം.സാഹില്‍, എസ്ഐ ജയചന്ദ്രന്, ഷാഡോ എഎസ്ഐ ബിജു, എസ്സിപിഒ ജ്യോതിഷ്, വി.വി. റിയാസ്, കൃഷ്ണലാല്‍ ,ഷംജിത്ത് ഷാബു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.