മാവേലിക്കര: മിച്ചൽ ജംഗ്ഷനിൽ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നെത്തി പടിഞ്ഞാറോട്ടു തിരിഞ്ഞ വേണാട് ബസ് തട്ടിയാണു സ്കൂട്ടർ യാത്രക്കാരൻ ബസിനടിയിലേക്കു തന്നെ വീണത്.
ബസ് പടിഞ്ഞാറോട്ടു തിരിയുകയാണെന്നു മനസിലാക്കാതെ സ്കൂട്ടർ യാത്രക്കാരൻ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതാണു അപകടത്തിനിടയാക്കിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ബസ് വേഗം ബ്രേക്കു ചെയ്തതിനാൽ സ്കൂട്ടർ യാത്രക്കാരൻ ചക്രങ്ങൾക്കടിയിൽ പെടാതെ രക്ഷപ്പെട്ടു.
അപകടത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട മധ്യവയസ്കന്റെ മാനസിക ആഘാതം മാറും മുൻപേ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് തട്ടിക്കയറിയതു പ്രതിഷേധത്തിന് ഇടയാക്കി. എഎസ്ഐമാരുടെ സാന്നിധ്യത്തിലാണു ഹോം ഗാർഡ,് സ്കൂട്ടർ യാത്രക്കാരനോടു തട്ടിക്കയറിയത്.
അപകടം കണ്ടെത്തിയ എസ്ബിഐയിലെ ഉദ്യോഗസ്ഥൻ ഹോം ഗാർഡിന്റെ മോശം പെരുമാറ്റത്തിനെതിരെ പ്രതികരിച്ചു. ക്ഷുഭിതനായ ഹോം ഗാർഡ് എസ്ബിഐ ഉദ്യോഗസ്ഥനോടും തട്ടിക്കയറി. അവസാനം എഎസ്ഐമാർ ഇടപെട്ടാണു രംഗം ശാന്തമാക്കിയത്.