ഋഷി
തൃശൂർ: ഇന്ന് രാജ്യാന്തര യോഗാദിനം ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുന്ന വേളയിൽ ചൈനക്കാരെ യോഗ അഭ്യസിപ്പിക്കുന്ന ഒരു തൃശൂർക്കാരനെ കാണണോ….
ആയോധനകലകളിലടക്കം എല്ലാറ്റിനും കേമൻമാരായ ചൈനക്കാരെ യോഗവിദ്യ അഭ്യസിപ്പിക്കുന്ന തൃശൂർ നാട്ടിക സ്വദേശി സുധീർ ഉൗരാളത്ത് കഴിഞ്ഞ നാലു കൊല്ലമായി ചൈനയിൽ യോഗ പഠിപ്പിക്കുന്നു. ഏഴു വർഷം തായ്ലാൻഡിൽ യോഗ അഭ്യസിപ്പിച്ചിരുന്നു.
കിഴക്കൻ ചൈനയിലെ നിങ്ബോ എന്ന തുറമുഖ നഗരത്തിൽ സുധീർ നടത്തുന്ന യോഗ സ്കൂളിന്റെ പേര് വെയ് യി യോഗ സ്കൂൾ എന്നാണ്. ഇന്ത്യൻ യോഗയോട് വിദേശികൾക്ക് പ്രത്യേക മമതയും താത്പര്യവുമുണ്ടെന്നും സ്പിരിച്വൽ എന്നതിനപ്പുറം ശാരീരികമായി ഫിറ്റ്നസ് നേടുന്നതിനാണ് ഇവർ യോഗ അഭ്യസിക്കുന്നതെന്നും സുധീർ പറഞ്ഞു.
നിങ്ബോ എന്ന ചെറുനഗരത്തിൽ നൂറോളം ഇന്ത്യൻ യോഗ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടത്രെ. ചൈനീസ് സർക്കാരിന്റെ അംഗീകരത്തോടും അനുമതിയോടും മാത്രമേ യോഗ ക്ലാസുകൾ നടത്താൻ പാടുള്ളുവെന്നാണ് നിയമം.
ശരീരം ഫിറ്റ് ആയി സൂക്ഷിക്കാനാണ് ചൈനക്കാരിൽ ഭൂരിഭാഗവും യോഗ പഠിക്കാൻ താതപര്യപ്പെടുന്നതെന്ന് സുധീർ പറയുന്നു. ക്രേസി എക്സസൈസ് എന്നാണവർ യോഗയെ വിശേഷിപ്പിക്കുന്നത്. മെഡിറ്റേഷൻ, പ്രാണയാമ എന്നിവയേക്കാൾ ഹഠയോഗയുടെ തീവ്രമായ അഭ്യാസങ്ങളാണത്രെ ചൈനക്കാർ താത്പര്യപ്പെടുന്നത്. തടി കുറച്ച് ശരീരം ഫിറ്റ് ആക്കാനാണ്് അവർ യോഗ പഠിക്കുന്നത്.
യോഗയുടെ അടിസ്ഥാന പാഠങ്ങളെല്ലാം ഉൾപ്പെടുത്തിക്കൊണ്ട ് സ്വതന്ത്രരീതിയിൽ ചിട്ടപ്പെടുത്തിയ യോഗാഭ്യസമാണ് ചൈനക്കാർക്കായി താൻ ആവിഷ്കരിച്ച് പഠിപ്പിക്കുന്നതെന്ന് സുധീർ പറയുന്നു.
യോഗാമാസ്റ്റർ എന്നതിനൊപ്പം ലോകപ്രശസ്തനായ ഫോട്ടോഗ്രാഫർ കൂടിയായ സുധീർ തൃശൂരിൽ അടുത്തയാഴ്ച നടത്താൻപോകുന്ന ചൈനീസ് തെരുവുകാഴ്ചകളുടെ ഫോട്ടോഗ്രാഫി എക്സിബിഷനുവേണ്ടിയാണ് ഇപ്പോൾ ചൈനയിൽ നിന്ന് നാട്ടിലെത്തിയിരിക്കുന്നത്.ചൈനയിലെ തന്റെ യോഗ സ്കൂളിൽ 15 മുതൽ 70 വയസുവരെയുളള സ്ത്രീകൾ യോഗ അഭ്യസിക്കാൻ എത്തുന്നുണ്ടെ ന്ന് സുധീർ പറയുന്നു. പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകളാണ് യോഗ അഭ്യസിക്കാൻ താത്പര്യം കാണിക്കുന്നതത്രെ.
പത്തോളം ഏഷ്യൻ രാജ്യങ്ങളിൽ ഇതിനകം യോഗ ക്ലാസ് എടുത്തിട്ടുള്ള സുധീർ ഉൗരാളത്ത് ഋഷികേശിലെ ഡിവൈൻ ലൈഫ് സൊസൈറ്റി, നെയ്യാർഡാമിലെ ശിവാനന്ദയോഗ, മൈസൂരിലെ അഷ്ടാംഗ യോഗ സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് യോഗ അഭ്യസിച്ചത്.
യോഗയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി ലോകമെങ്ങും ഇന്ത്യൻ യോഗയുടെ പേരും പെരുമയും എത്തിക്കാനാണ് സുധീറിന്റെ ശ്രമം.