കൊച്ചി: പരിച്ചുവിടാൻ സംസ്ഥാന സർക്കാർ ശിപാർശ ചെയ്തെന്ന വാർത്തകൾ പുറത്തുവന്നതോടെ സർക്കാരിനെതിരേ ആഞ്ഞടിച്ച് രാജു നാരായണ സ്വാമി. പുറത്താക്കാനുള്ള സർക്കാർ നീക്കത്തെക്കുറിച്ച് അറിയില്ല. നാളികേര വികസന ബോർഡിലെ കോടികളുടെ അഴിമതി പുറത്തു കൊണ്ടുവന്നതിന് തനിക്കെതിരെയുള്ള പ്രതികാര നടപടിയാകാം പിരിച്ചുവിടാനുള്ള ശിപാർശയെന്നു കരുതുന്നു. അഴിമതി കണ്ടുപടിച്ചതിനുള്ള പ്രതിഫലമാണ് തനിക്ക് ലഭിച്ചത്.
തനിക്ക് ഇതുവരെ ഒൗദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല.പിരിച്ചുവിടാനുള്ള നീക്കവുമായി മുന്നോട്ടു പോകുകയാണെങ്കിൽ നിയമപരമായിതന്നെ നേരിടും. തന്നെ പിരിഞ്ഞുവിടാൻ തീരുമാനമെടുത്ത എല്ലാവർക്കുമെതിരേ ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിൽ നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞിരുന്നു.
കഴിഞ്ഞ നാല് മാസമായി താൻ സാലറി വാങ്ങുന്നില്ല. ഇതു സംബന്ധിച്ച് എല്ലാ വിവരങ്ങളും സംസ്ഥാന സർക്കാരിനെ അറിയിച്ചതായും സർക്കാരിന് വിവരങ്ങൾ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കേഡറിൽ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പദവി വഹിക്കുന്ന രാജു നാരായണ സ്വാമിക്ക് 10 വർഷം സർവീസ് ബാക്കി നിൽക്കെയാണ് പിരിച്ചുവിടാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടു നീങ്ങുന്നത്.