ഗുരുവായൂർ: ക്ഷേത്രത്തിൽ തുലാഭാരം വഴിപാട് ഒരുവർഷത്തേക്ക് 19,00,091 രൂപക്ക് ടെൻഡർ നൽകി.ക്ഷേത്രത്തിൽ ജൂലൈ ഒന്നുമുതൽ അടുത്ത ഒരു വർഷം തുലാഭാരം നടത്തുന്നതിന് ദേവസ്വത്തിന് കരാറുകാരൻ 19,00,091 രൂപ നൽകും.
കഴിഞ്ഞ വർഷം ഇത് 25,000 രൂപക്കാണ് ടെൻഡർ നൽകിയത്. ഭക്തർക്ക് തുലാഭാരം നടത്തുന്നതിനായി ദേവസ്വത്തിന്റെ ലിസ്റ്റിലുള്ള ആവശ്യമായ എല്ലാ സാധനങ്ങളും കരാറുകാരൻ കരുതണം. ഇതിന് ദേവസ്വം കരാറുകാരന് പൈസ നൽകില്ല. തുലാഭാരത്തിലേക്ക് ആവശ്യമായ താൽക്കാലിക ജീവനക്കാർക്ക് ശന്പളം നൽകേണ്ടതും കരാറുകാരാണ്.
ഭക്തർ നടത്തുന്ന തുലാഭാരത്തിന്റെ തുക ദേവസ്വത്തിനാണ്. ഭക്തരുടെ കൈയിൽ നിന്ന് തുലാഭാരം തൂക്കുന്ന സാധനത്തിന്റെ തുകയും, തട്ടിൽപണം നൂറ് രൂപ ഉൾപ്പെടയുള്ള തുക ദേവസ്വം ഈടാക്കും. എന്നാൽ ഭക്തർ രശീതിലുള്ള തുക ദേവസ്വത്തിന് നൽകുന്നതിന് പുറമെ തട്ടിൽ പണമെന്ന പേരിൽ ഒരു തുക വീണ്ടും തട്ടിൽ പണമായി തുലാഭാരതട്ടിൽ നിക്ഷേപിക്കും. ഈതുകയാണ് കരാറുകാരന് ലഭിക്കുക.
നൂറ്കണക്കിന് ഭക്തരാണ് ദിവസവും തുലാഭരം വഴിപാട് നടത്തുന്നത്. മമ്മിയൂർ ഒല്ലേക്കാട്ട് മോഹനനാണ് ഈ തുകയ്ക്കു കരാറെടുത്തത്. മുൻ കരാറുകാരൻ തൈക്കാട് സ്വദേശി കെ.എസ്.മോഹനൻ 16,02,002രൂപയാണ് ടെൻഡറിൽ നൽകിയത്.