പാലക്കാട്: മലന്പുഴ മണ്ഡലത്തിലെ അകത്തേത്തറനടക്കാവ് മേൽപ്പാലം നിർമ്മാണത്തിനുള്ള സ്ഥലമെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും മലന്പുഴ എം.എൽ.എയുമായ വി.എസ് അച്യുതാനന്ദൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഇത് സംബന്ധിച്ചുള്ള പ്രാഥമിക ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ജില്ലാകളക്ടർ നടപടി സ്വീകരിച്ചിട്ടുണ്ട്. പുനരധിവാസ, പുനസ്ഥാപനത്തിനുള്ള പാക്കേജ് സംബന്ധിച്ച നടപടികൾ പൂർത്തിയാക്കും. സാമൂഹ്യാഘാത പഠന റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, പരിശോധന നടത്തുകയും നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
ഇതിനകം പത്ത് ഭൂ ഉടമകളിൽ നിന്ന് 2.58 ആർ ഭൂമി രജിസ്റ്റർ ചെയ്തു കൈമാറി. വിസമ്മതം പ്രകടിപ്പിച്ച കൈവശക്കാരുടെ ഭൂമി പുന:രധിവാസ നിയമപ്രകാരം ഏറ്റെടുക്കുതിനുള്ള നടപടികൾ തുടങ്ങിയതായും മന്ത്രി അറിയിച്ചു. 2017 മെയിൽ 35 കോടി രൂപ അനുവദിച്ചുകൊണ്ട് പദ്ധതിക്ക് കിഫ്ബി അംഗീകാരം നൽകിയതാണ്.
പൊതുമരാമത്തു വകുപ്പിലെ റോഡ്സ് ബ്രിഡ്ജ്സ് കോർപ്പറേഷനെ നിർമ്മാണ ചുമതല ഏൽപ്പിക്കുകയും ചെയ്തു. സ്ഥലം വിട്ടുതരേണ്ട 35 ഭൂ ഉടമകളിൽ 32 പേരും തന്റെ സാന്നിദ്ധ്യത്തിൽ സമ്മതപത്രം ജില്ലാ ഭരണകൂടത്തിന് 2017 ൽ നൽകിയതുമാണെന്ന് വി.എസ് അച്യുതാനന്ദൻ നിയമസഭയിൽ അറിയിച്ചു.