കൊല്ലം :തൊഴില്‍ മേഖലകളുടെ പരിമിതി മറികടന്ന് സുരക്ഷിത വരുമാനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുകയാണ് തെന്മല പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. തോട് നവീകരണവും മഴക്കുഴി എടുക്കുന്നതും ഉള്‍പ്പടെയുള്ള പതിവ് ജോലികളില്‍ നിന്ന് വ്യത്യസ്ത മേഖലകളിലേക്ക് വ്യാപിക്കുകയാണ് ഇവരുടെ സേവനം.
തെന്മല ആറ്റുകടവ്-മണല്‍വാരി റോഡ് ഇന്റര്‍ലോക്ക് നിരത്തി നവീകരിച്ചത് സ്ത്രീകള്‍ ഉള്‍പ്പെടുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളാണ്. 20 തൊഴിലാളികള്‍ ചേര്‍ന്ന് റോഡിന് വീതി കൂട്ടിയാണ് ഇന്റര്‍ലോക്ക് പാകിയത്. മൂന്നര ലക്ഷം രൂപ ഇന്റര്‍ലോക്ക് വില, ഒന്നരലക്ഷം രൂപ തൊഴില്‍ വേതനം എന്നിങ്ങനെയാണ് പദ്ധതിവിഹിതം അനുവദിച്ചത്. തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനവും നല്കി.
ഒറ്റക്കല്‍ ലുക്ക്ഔട്ട് വായനശാല റോഡ് കോണ്‍ക്രീറ്റ് ചെയ്തു സഞ്ചാര യോഗ്യമാക്കിയതിന് പിന്നിലും തൊഴിലുറപ്പ് തൊഴിലാളികളുടെ വൈദഗ്ധ്യമാണുള്ളത്. ദേശീയ പാതയില്‍ ലുക്ക് ഔട്ട് മുതല്‍ ഉറുകുന്ന് റെയില്‍വേ സ്റ്റേഷന് വരെയുള്ള 150 മീറ്റര്‍ റോഡ് ഇവര്‍ നിര്‍മിച്ചു.
പഞ്ചായത്ത് നടപ്പിലാക്കിയ ഹൈടെക് കന്നുകാലി തൊഴുത്ത് നിര്‍മ്മാണം നടത്തിയതും തൊഴിലുറപ്പ് തൊഴിലാളികളാണ്. മലയോര മേഖലയായതിനാല്‍ കന്നുകാലികളെ വന്യജീവികളില്‍ നിന്ന് സംരക്ഷിക്കാന്‍ പര്യാപ്തമായ ഹൈടെക് തൊഴുത്തുകളാണ് നിര്‍മിച്ചത്.
സംസ്ഥാനത്ത് ആദ്യമായി ലൈഫ് മിഷന് പദ്ധതിക്ക് ആവശ്യമായ സിമന്റ് കട്ടകള്‍ നിര്‍മ്മിച്ചു നല്ശിയതും തെന്മല ഗ്രാമപഞ്ചായത്താണ.് ഇതിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനമാണ് പ്രയോജനപ്പെടുത്തിയത്. ഈ വിജയമാതൃക പിന്തുടര്ന്നാണ് വേറിട്ട മേഖലളില്‍ തൊഴിലാളികളുടെ വൈദഗ്ധ്യം പരീക്ഷിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആര് ലൈലജ പറഞ്ഞു.