കോട്ടയം: അടിയന്തര സാഹചര്യമുണ്ടായാൽ നിൽക്കാൻ ഇടമില്ലാത്തതാണ് നീലിമംഗലം റെയിൽവേ പാലത്തിൽ ഇന്നലെയുണ്ടായ അപകടത്തിന് കാരണം. റെയിൽ പാളത്തിലൂടെ നടന്നു വന്ന യുവാവ് ട്രെയിൻ വരുന്നതു കണ്ട് രക്ഷപ്പെടാനായി ആറ്റിലേക്ക് ചാടിയെങ്കിലും രക്ഷപ്പെട്ടില്ല. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഏറ്റുമാനൂർ വയല വള്ളിക്കാട്ട് സാബു(40)വാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.45ന് നീലിമംഗലം പാലത്തിലാണ് സംഭവം. സാബുവിന്റെ സുഹൃത്തുക്കളായ വള്ളിക്കാട്ട് കിഴക്കേൽ ആന്റണിആന്റണി, ഇടുക്കി പടമുഖം മുകളേൽ ഷിന്റോ എന്നിവരാണ് രക്ഷപ്പെട്ടത്.
തെങ്ങുകയറ്റ തൊഴിലാളികളായ സാബുവും ആന്റണിയും ഷിന്റോയും പാളത്തിലൂടെ നടന്നു വരികയായിരുന്നു. പാലത്തിൽ കയറി പകുതിയായപ്പോഴാണ് ട്രെയിൻ വന്നത്. അടിയന്തര സാഹചര്യമുണ്ടായാൽ സുരക്ഷിതമായി നിൽക്കാനുള്ള ഇടം സാധാരണയായി റെയിൽവേ പാലത്തിൽ ക്രമീകരിക്കാറുള്ളതാണ്. എന്നാൽ നീലിമംഗലം പാലത്തിൽ ഇതുണ്ടായിരുന്നില്ല.
ആന്റണിയുടെ മരുമകൻ വിനീതും വള്ളിക്കാട്ടു നിന്നു രാവിലെ എത്തി ഗാന്ധിനഗർ, നീലിമംഗലം ഭാഗത്തെ വീടുകളിലെ തെങ്ങിൽ കയറി. തുടർന്നു ഗാന്ധിനഗറിൽ പോയി ഭക്ഷണം കഴിച്ചു വീണ്ടും തെങ്ങിൽ കയറാൻ റെയിൽവേ ട്രാക്കിലൂടെ നടന്നു വരികയായിരുന്നു. വീനിത് നീലിമംഗലത്തിന് അൽപ്പം മുന്പ് വലതുഭാഗത്തേക്കുള്ള വീടുകളിലേക്കു പണി തിരക്കി പോയി. മറ്റു മൂന്നു പേരും മുന്നോട്ടു നടന്നു.
നീലിമംഗലം പാലത്തിന്റെ മറുകരയിൽ നിൽക്കാനാണ് ഇവരോടു വിനീത് പറഞ്ഞിരുന്നത്. ഷിന്റോയും ആന്റണിയും സാബുവും റെയിൽവേ പാലത്തിന്റെ മധ്യഭാഗത്തു എത്തിയ നേരമാണ് ഏറ്റുമാനൂർ ഭാഗത്തു നിന്നു ട്രെയിൻ എത്തുന്ന ശബ്ദം കേൾക്കുന്നത്. ഷിന്റോയും ആന്റണിയും ട്രെയിൻ വരുന്നതിനു മുന്പേ പാലം കടന്നു.
എന്നാൽ, തോളിൽ തേങ്ങയും തൂക്കി വരികയായിരുന്ന സാബുവിനു രക്ഷപ്പെടാനായില്ല, ട്രെയിൻ തട്ടി സാബു പുഴയിലേക്കു വീഴുകയായിരുന്നുവെന്നാണു സൂചന. സാബു രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന നിഗമനത്തിൽ ട്രെയിൻ പോയിക്കഴിഞ്ഞപ്പോൾ ഷിന്റോയും ആന്റണിയും പിന്നാലെ വന്ന വിനീതും തെരഞ്ഞുവെങ്കിലും കണ്ടെത്താൻ കഴിയാതെ പോയതോടെ പുഴയിൽ വീണിട്ടുണ്ടാകുമെന്നു നാട്ടുകാർ സംശയിക്കുകയും ഫയർഫോഴ്സിനെയും പോലീസിനെയും വിവരമറിയിക്കുകയുമായിരുന്നു.
കോട്ടയത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തെരച്ചിലിനൊടുവിൽ 1.45നു പാലത്തിന്റെ ചുവട്ടിൽനിന്നു തന്നെ സാബുവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.