എംജെ ശ്രീജിത്ത്
തിരുവനന്തപുരം: മകൻ ബിനോയ് കോടിയേരി പീഡനക്കേസിൽ പെട്ടതോടെ പാർട്ടിക്കുള്ളിൽ ഒറ്റപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ സെക്രട്ടറി സ്ഥാനത്തു നിന്നു മാറിനിൽക്കാൻ സന്നദ്ധത അറിയിച്ചതായി വിവരം. ബിനോയ് കോടിയേരി അറസ്റ്റിലാകുന്ന സാഹചര്യം ഉണ്ടായാൽ സെക്രട്ടറി സ്ഥാനത്തു നിന്നു മാറിനിൽക്കാമെന്ന അഭിപ്രായം പാർട്ടി ജനറൽ സെക്രട്ടറി അടക്കമുള്ളവരെ അറിയിച്ചിട്ടുണ്ട്.
ആയുർവേദ ചികിത്സ കഴിഞ്ഞ് ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ കോടിയേരി പങ്കെടുക്കാനെത്തും. ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിലും നാളേയും മറ്റേന്നാളും ചേരുന്ന സംസ്ഥാന സമതിയിലും ഈ വിഷയം ചർച്ചയ്ക്ക് വന്നേക്കും.
മക്കൾ കാരണം പലതവണ വിവാദത്തിലായ കോടിയേരിയെ പാർട്ടി ഇതുവരെ സംരക്ഷിച്ചു നിർത്തുകയായിരുന്നു. എന്നാൽ പീഡനപരാതി എല്ലാ അതിർവരന്പുകളും കടന്നതാണെന്ന വിലയിരുത്തലാണ് പലനേതാക്കൾക്കുമുള്ളത്. ഈ വിഷയത്തിൽ ഇതുവരെ ഒരു പ്രതികരണത്തിന് കോടിയേരി തയാറായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിനു അത്ര നല്ല സമയമല്ല.
സിപിഎം ഭരിക്കുന്ന ആന്തുർ നഗരസഭയുടെ ഇടപെടൽ കാരണം പ്രവാസി വ്യവസായിയുടെ ആത്മഹത്യ കണ്ണൂരിലും കേരള രാഷ്ട്രീയത്തിലും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്ന അവസരത്തിലാണ് കോടിയേരിയുടെ മകനെതിരേ ബീഹാർ സ്വദേശിയായ യുവതിയുടെ പീഡനപരാതി വരുന്നത്. രണ്ടും സിപിഎമ്മിനെ കൊണ്ടെത്തിച്ചിരിക്കുന്നത് വല്ലാത്ത പ്രതിസന്ധിയിലാണ്.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയാണ് ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പാർട്ടി ജില്ലാ നേതൃത്വം പറഞ്ഞിട്ടും പോലും വഴങ്ങാതിരുന്ന ശ്യാമളയ്ക്കെതിരേ കണ്ണൂർ പാർട്ടി ഒന്നടങ്കം തിരിഞ്ഞിരിക്കുകയാണ്.
ശ്യാമളയ്ക്കെതിരേ നടപടി വേണമെന്ന് സൈബർ ഗ്രൂപ്പുകളിൽ നിന്നടക്കം ആവശ്യം ഉയർന്ന സാഹചര്യത്തിൽ ശ്യാമളയ്ക്കെതിരേ നടപടി ഉണ്ടാകുമെന്ന് ഉറപ്പാണ്. ശ്യാമളയ്ക്കെതിരേയുള്ള നടപടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും തീരുമാനിച്ച ശേഷം ജില്ലാ കമ്മിറ്റിയെ അറിയിച്ചേക്കും. അധ്യക്ഷ സ്ഥാനത്തു നിന്നും അവരെ ഒഴിവാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.
കോടിയേരിയുടെ രാജി സന്നന്നദ്ധത തത്കാലം പാർട്ടി തള്ളിക്കളയാനാണ് സാധ്യത. നിലവിലെ സാഹചര്യത്തിൽ കോടിയേരിയെ കൈവിടേണ്ടെന്നാണ് പല നേതാക്കളുടേയും അഭിപ്രായം. പകരം കേസ് കേസിന്റെ വഴിക്ക് പോകട്ടേയെന്നും ഒരു തരത്തിലുമുള്ള സഹായവും ബിനോയിക്ക് പാർട്ടിയിൽ നിന്നോ സർക്കാരിൽ നിന്നോ ഉണ്ടാകാൻ പിടില്ലെന്ന നിലപാട് സ്വീകരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
കോടിയേരിയുടെ മകനെതിരേയുള്ള പരാതി പാർട്ടി ഗൗരവമായി കാണണമെന്ന അഭിപ്രായം വിഎസ് അച്യുതാനന്ദൻ പാർട്ടി നേതൃത്വത്തെ അറിയിച്ചു. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായുള്ള ആശയവിനിമയത്തിലാണ് വിഎസ് തന്റെ നിലപാട് അറിയിച്ചത്. കോടിയേരിയുടെ മക്കളുടെ ചെയ്തികളിൽ നേരത്തെ തന്നെ വിഎസ് അതൃപ്തി അറിയിച്ചിട്ടുള്ളതാണ്.
ബിനോയിയെ അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായാൽ കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന നിലപാടാണ് വിഎസിനുള്ളതെന്ന് അറിയുന്നു. പാർട്ടി കേന്ദ്ര നേതൃത്വവും ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കാതെ ഒഴിഞ്ഞു നിൽക്കുകയാണ്.