ബെന്നി ചിറയിൽ
ചങ്ങനാശേരി: സംവരണ, ശബരിമല യുവതീപ്രവേശനം, വിദ്യാഭ്യാസ രംഗത്തെ ഖാദർ കമ്മിറ്റി റിപ്പോർട്ട് എന്നീ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനു നായർ സർവീസ് സൊസൈറ്റിയുടെ വിമർശനം. ഇന്നു രാവിലെ പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് ആരംഭിച്ച എൻഎസ്എസ് ബജറ്റ് അവതരണ പ്രസംഗത്തിലാണ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സംസ്ഥാന സർക്കാരിനെതിരേ വിമർശനമുന്നയിച്ചത്.
മുന്നോക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസം, തൊഴിൽ മേഖലകളിൽ പത്തു ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ എൻഡിഎ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്ത് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഈ സംവരണം നടപ്പാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു. എന്നാൽ കേരള സർക്കാർ ഉത്തരവ് നടപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. ഇത് സംസ്ഥാന സർക്കാരിന്റെ അവഗണനാ മനോഭാവമാണ് കാണിക്കുന്നത്.
ദേവസ്വം ബോർഡിലെ നിയമനങ്ങളിൽ മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്കായി പ്രഖ്യാപിച്ച പത്തു ശതമാനം സംവരണവും കടലാസിലൊതുങ്ങിനിൽക്കുകയാണ്. അതേസമയം പിന്നോക്ക സമുദായങ്ങൾക്ക് പ്രഖ്യാപിച്ച 32 ശതമാനം സംവരണം അവർക്കു നല്കുകയും ചെയ്തു. സർക്കാരിന്റെ ഈ നിലപാടുകൾ മനപൂർവം ആണോയെന്ന് എൻഎസ്എസ് സംശയിക്കുന്നു. മന്നത്ത് പത്മനാഭന്റെ ജന്മദിനം നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ടിൽപ്പെടുത്തി പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും അനുവദിച്ചു നല്കിയില്ല.
ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ശബരിമലയുടെ പേരിൽ ഇല്ലാതാക്കാൻ ഏകപക്ഷീയമായ നിലപാടുകളാണ് സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ഭാഗത്തുനിന്നുണ്ടായത്. ജാതി-മത-രാഷ്ട്രീയ വ്യത്യാസംകൂടാതെ വിശ്വാസസംരക്ഷണത്തിനായി എൻഎസ്എസ് ഉറച്ചുനിൽക്കുകയാണ് ചെയ്തത്. സംസ്ഥാന സർക്കാരാകട്ടെ ഖജനാവിലെ പണം വിനിയോഗിച്ച് ഇതിനെ പരാജയപ്പെടുത്താനാണ് ശ്രമിച്ചത്.
എങ്കിലും വിശ്വാസികളെ കീഴടക്കാൻ സർക്കാരിനു കഴിഞ്ഞില്ല. രാഷ്ട്രീയ വിജയം കൊയ്യാനുള്ള അവസരമായിട്ടാണ് ഈ വിഷയത്തെ ബിജെപിയും കോണ്ഗ്രസും ആദ്യം കണ്ടത്. വിശ്വാസികൾ എതിരാകുമെന്നായപ്പോൾ ബിജെപി യുവതീപ്രവേശനത്തെ തടയാനാണ് ശ്രമിച്ചത്. യുവതീപ്രവേശനത്തിനെതിരേ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം സമാധാനപരമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയാണ് യുഡിഎഫ് ചെയ്തത്.
പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ പിൻവലിക്കണമെന്നും പ്രമേയത്തിലൂടെ എൻഎസ്എസ് ആവശ്യപ്പെട്ടു. 122.50 കോടി രൂപ വരവും അത്രയുംതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജനറൽ സെക്രട്ടറി അവതരിപ്പിച്ചത്.എൻഎസ്എസ് പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.