ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ വീണ്ടും ലൈംഗിക ആരോപണം. അമേരിക്കൻ എഴുത്തുകാരിയായ ഇ. ജീൻ കരോളാണ് ട്രംപ് മാനഭംഗപ്പെടുത്തിയതായി വെളിപ്പെടുത്തിയത്. പുതിയ പുസ്തകം പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട് ന്യുയോർക്ക് മാഗസിന് നല്കിയ അഭിമുഖത്തിലായിരുന്നു കരോളിന്റെ വെളിപ്പെടുത്തൽ.
ന്യുയോർക്കിലെ ഒരു സ്റ്റോറിലെ ഡ്രസിംഗ് മുറിയിൽ വച്ചാണ് ട്രംപ് മോശമായി പെരുമാറിയത്. സംഭവത്തെക്കുറിച്ച് 75കാരിയായ കരോളിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ:
1995-1996 കാലഘട്ടത്തിലാണ് സംഭവമുണ്ടായത.് ഈ സമയം ട്രംപ് പ്രശസ്തനായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്നു. താൻ അറിയപ്പെടുന്ന എഴുത്തുകാരിയും ചാനൽ അവതാരകയുമായിരുന്നു. മാൻഹട്ടനിലെ ബെർഗ്ഡോഫ് ഗുഡ്മാൻ സ്റ്റോറിൽ ഷോപ്പിംഗിനെത്തിയതായിരുന്നു താനും ട്രംപും.
ഇവിടെ വച്ചാണ് ട്രംപിനെ ആദ്യമായി കാണുന്നത്. പരിചയപ്പെടുന്നതിനിടെ ട്രംപ് പറഞ്ഞു താൻ ഒരു സ്ത്രീക്ക് അടിവസ്ത്രം വാങ്ങാനായിട്ടാണ് എത്തിയതെന്ന്. പെട്ടെന്ന് ഡ്രസിംഗ് റൂമിന്റെ വാതിലടച്ച് ട്രംപ് തന്നെ കെട്ടിപ്പിടിച്ചു. ഭിത്തിയിലേക്ക് ചേർത്തി നിർത്തി ബലമായി ചുണ്ടിൽ ചുംബിച്ചു.
പിന്നീട് മാനഭംഗപ്പെടുത്തി. താൻ ഒരു വിധത്തിൽ ട്രംപിനെ തള്ളിമാറ്റി ഒാടി രക്ഷപ്പെട്ടു. അനന്തരഫലമോർത്ത് പോലീസിൽ പരാതി പറയാൻ പോയില്ല. എന്നാൽ അടുത്ത രണ്ട് സുഹൃത്തക്കളോട് സംഭവത്തെക്കുറിച്ച് പറഞ്ഞിരുന്നു.
എന്നാൽ കരോളിന്റെ ആരോപണങ്ങൾ ട്രംപ് തള്ളിക്കളഞ്ഞു. കരോളിനെ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലെന്ന് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. കരോളിന്റെ പുതിയ പുസ്തകത്തിന്റെ വിൽപ്പന വർധിപ്പിക്കാനുള്ള ശ്രമമാണിത്. ന്യുയോർക്ക് മാഗസീൻ വ്യാജവാർത്തകൾ മാത്രം പ്രസിദ്ധീകരിക്കുന്ന മാഗസിനാണെന്നും ട്രംപ് ആരോപിച്ചു.
ട്രംപിനെതിരേ ലൈംഗിക ആരോപണമുന്നയിക്കുന്ന 16-ാംമാത്തെ സ്ത്രീയാണ് കരോളിൻ. ഡോണൾഡ് ട്രംപുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് നീലച്ചിത്ര നടി സ്റ്റോമി ഡാനിയേൽ നേരത്തെ വെളിപ്പടുത്തിയിരുന്നു. സ്റ്റോമിയുമായി ബന്ധമുണ്ടെന്ന വാർത്തകൾ ട്രംപ് നേരത്തെ നിരാകരിച്ചിരുന്നു.
എന്നാൽ 2016 നവംബറിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപും നടിയും തമ്മിലുള്ള ബന്ധം പുറത്തുപറയാതിരിക്കാൻ 1,30,000 ഡോളർ ട്രംപിന്റെ അഭിഭാഷകൻ കൈമാറിയതായി വാർത്തകളുണ്ടായിരുന്നു.