ഹുനാൻ: ചൈനയിൽനിന്നൊരു ദൃശ്യം മോഡൽ കൊലപാതകം. 16 വർഷങ്ങൾക്കു ശേഷം സ്കൂളിലെ മൈതാനത്തിനടിയിൽനിന്നും അധ്യാപകന്റെ മൃതദേഹം കണ്ടെത്തി. ഹുനാൻ പ്രവിശ്യയിലെ ഹുവായിഹുവയിലാണ് സംഭവം. സിൻഹുവാംഗ് മിഡിൽ സ്കൂൾ അധ്യാപകനായ ഡെംഗ് ഷിപിംഗ് (53) ആണ് കൊല്ലപ്പെട്ടത്.
മൈതാന നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയതിനാണ് ഡെംഗിനെ പ്രിൻസിപ്പലിന്റെ ബന്ധുവായ കരാറുകാരൻ കൊലപ്പെടുത്തിയത്. 2003 ജനുവരിയിലാണ് ഡെംഗിനെ കാണാതായത്.
സ്കൂൾ പ്രിൻസിപ്പലിന്റെ ബന്ധുവും കരാറുകാരനുമായ ഡു ഷവോപിംഗിന്റെ ഓഫീസിലാണ് ഡെംഗിനെ അവസാനമായി കണ്ടത്. ഇക്കാര്യം ഡെംഗിന്റെ മകൻ ഡെംഗ് ലാൻബിംഗ് പോലീസിൽ അറിയിച്ചിരുന്നു.
മൈതാന നിർമാണത്തിൽ പ്രിൻസിപ്പൽ ഹുവാംഗ് ബിംഗ്സോംഗും മരുമകനും കരാറുകാരനുമായ ഡുവും ചേർന്ന് ക്രമക്കേട് നടത്തുന്നതായി ചൂണ്ടിക്കാട്ടി അധികൃതർക്ക് ഡെംഗ് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഡെംഗിനെ കാണാതാവുന്നത്.
മൈതാനത്തിന്റെ നിർമാണത്തിന്റെ ബജറ്റ് എട്ട് ലക്ഷത്തിൽനിന്നും 14 ലക്ഷമായി പ്രിൻസിപ്പൽ ബിംഗ്സോംഗ് ഉയർത്തി. ഇത് അംഗീകരിക്കാൻ കഴിയാതിരുന്ന ബിൽഡിംഗ് സൂപ്പർവൈസർ കൂടിയായ ഡെംഗ് കരാറിൽ ഒപ്പിടാൻ കൂട്ടാക്കിയില്ല. ഇതോടെ ഡെംഗിനെ കൊലപ്പെടുത്തുകയായിരുന്നു.
ബന്ധുക്കളുടെ പരാതിയിൽ പോലീസ് ആദ്യം ശരിയായ അന്വേഷണം നടത്തിയില്ല. എന്നാൽ ഡെംഗിന്റെ മകൻ നടത്തിയ ഒറ്റയാൾ പോരാട്ടം അവസാനം ഫലം കണ്ടു. പുനരന്വേഷണത്തിൽ പോലീസ് ചോദ്യം ചെയ്യലിൽ ഡു ഷവോപിംഗ് കുറ്റം സമ്മതിച്ചു.
ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മൈതാനത്തിലെ സിന്തറ്റിക് ട്രാക് പൊളിച്ച് പരിശോധിച്ച പോലീസ് മണ്ണിനടിയിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. അവസാനം കുടുംബത്തിനു നീതി ലഭിച്ചെന്ന് ഡെംഗ് ലാൻബിംഗ് സമൂഹമാധ്യമത്തിൽ കുറിച്ചു.