സ്വന്തം ലേഖകൻ
തൃശൂർ: പണ്ട് വാളയാർ ചെക്ക്പോസ്റ്റിലേക്ക് ട്രാൻസ്ഫർ ചോദിച്ചുവാങ്ങും പോലെയാണ് ഇപ്പോൾ തടവുകാർ വിയ്യൂർ ജയിലിലേക്ക് തങ്ങളെ പാർപ്പിക്കാൻ വഴി തേടുന്നത്. പുറത്തേക്കാൾ സുഖവും സ്വാതന്ത്ര്യവുമാണ് അകത്തെന്നാണ് വിയ്യൂർ ജയിലിൽ സുഖിച്ചു കഴിയുന്നവരുടെ കമന്റ്.അതീവസുരക്ഷ ജയിൽ സമീപത്ത് തുറക്കാത്ത ജയിലായി ഉണ്ടെങ്കിലും സുരക്ഷ ഒട്ടുമില്ലാത്ത അവസ്ഥയിലാണ് സെൻട്രൽ ജയിലും സബ് ജയിലുമെല്ലാം.
സെൻട്രൽ ജയിലിൽ മിന്നൽ പരിശോധന നടത്തി സ്മാർട്ട് ഫോണ് പിടിച്ചെടുത്ത പുതിയ സംഭവം ഞെട്ടിക്കുന്നതല്ലെന്നതാണ് യാഥാർത്ഥ്യം. ഇതിനു മുൻപും ഫോണും മയക്കുമരുന്നുമെല്ലാം വിയ്യൂർ ജയിലിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
തടവുപുള്ളികളെ കോടതിയിലേക്കും മറ്റും വിചാരണക്കായി കൊണ്ടുപോകുന്പോൾ കോടതി പരിസരത്ത് വെച്ച് ഇവ രഹസ്യമായി കൈമാറുന്നുവെന്നാണ് പൊതുവെ വിലയിരുത്തിയിട്ടുള്ളത്.
മലദ്വാരത്തിലടക്കം ഫോണിനെ പല പാർട്സുകളാക്കി മാറ്റി ഒളിപ്പിച്ചാണത്രെ ജയിലിലേക്ക് കടത്തുന്നത്.എന്നാൽ ഇത്രയൊന്നും പാടുപെടാതെ വളരെ കൂളായി ജയിലിലേക്ക് സ്മാർട്ട് ഫോണ് അടക്കം എത്തുന്നുവെന്നാണ് ഏറ്റവും പുതിയ റെയ്ഡ് തെളിയിക്കുന്നത്.പുതിയ സ്മാർട്ട് ഫോണുകൾ പല പാർട്സാക്കി പിന്നീട് അസംബിൾ ചെയ്യുക എളുപ്പമല്ലാത്തതിനാലും അതെക്കുറിച്ച് അത്ര അറിവുള്ളവർ ജയിലിനകത്ത് ഇല്ലെന്നതുകൊണ്ടും ഇവ പാർട്സുകളാക്കിയല്ല ജയിലിന് അകത്തെത്തിയതെന്നാണ് സൂചന.
ഫോണുകൾ ആരെത്തിച്ചുവെന്നതും എങ്ങിനെയെത്തിച്ചുവെന്നതും ഇതിൽ നിന്ന് എത്രകാലമായി വിളി തുടങ്ങിയിട്ട് എന്നതും ആരെയെല്ലാം വിളിച്ചുവെന്നതുമൊക്കെ പുറത്തുവരാനിരിക്കുന്ന ഒരുപക്ഷെ വെളിപ്പെടാതെ പോകുന്ന കാര്യങ്ങൾ.മുൻകൂട്ടി റെയ്ഡിന്റെ വിവരം അറിയാതെ പോയതുകൊണ്ടു മാത്രം പിടിച്ചെടുക്കപ്പെട്ട ഫോണുകളാണ് ഇവ. റെയ്ഡ് നടക്കുമെന്ന് അറിഞ്ഞിരുന്നുവെങ്കിൽ കമ്മീഷണറും കൂട്ടരുമെത്തുന്പോഴേക്കും ഫോണുകളെല്ലാം പല വഴിക്ക് മുങ്ങിയേനെ.
ജയിലിനകത്ത് സിസി ടിവികളൊക്കെ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും അവയിൽ മിക്കവയും ചത്തുകിടക്കുകയാണ്. സമയാസമയത്ത് അറ്റകുറ്റപ്പണികൾ നടത്താതുകൊണ്ട് പല സിസി ടിവി ക്യാമറകളും പ്രവർത്തിക്കുന്നില്ല.ജയിലിൽ ജീവനക്കാരുടെ എണ്ണം കുറവാണെന്ന പരാതി കാലങ്ങളായുണ്ട്. ജയിലിനകത്തേക്ക് ഫോണും മയക്കുമരുന്നുമൊക്കെ നിർബാധം കടത്താൻ ഇത് കാരണമാകുന്നുണ്ടത്രെ.
ജയിൽ ജീവനക്കാരെ ഭീഷണിപ്പെടുത്താനും ആക്രമിക്കാനും തടവുപുള്ളികൾ മടിക്കാറില്ല. പലതവണ ജയിലിൽ ഇവർ തമ്മിൽ ഏറ്റുമുട്ടലുമുണ്ടായിട്ടുണ്ട്.ഏതാനും മാസം മുൻപ് ജയിൽ ചാടിയ തടവുപുള്ളിയെ കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. കോടതിയിലേക്ക് പ്രതികളെ കൊണ്ടുപോയ ശേഷം തിരിച്ചെത്തുന്പോൾ അവരെ ഇരുത്തിയും കിടത്തിയുമൊക്കെ അടിമുടി പരിശോധന നടത്താറുണ്ടെങ്കിലും അതെല്ലാം മറികടന്ന് പരിശോധകരെ വെട്ടിച്ച് ആവശ്യമായതെല്ലാം ഉള്ളിലൊളിപ്പിച്ച് സെല്ലിലെത്തിക്കാൻ മിടുക്കൻമാരായവർ ജയിലിലുണ്ടത്രെ.
സെല്ലിനകത്തു തന്നെ ഇവയെല്ലാം ഭദ്രമായി ഒളിപ്പിക്കാൻ മാർഗമുണ്ടെന്നാണ് പറയുന്നത്. പുറംലോകത്തെ തങ്ങളുടെ ഓപ്പറേഷനുകൾ സുഗമമായും മുടക്കമില്ലാതെയും ജയിലിൽ കിടന്ന് കണ്ട്രോൾ ചെയ്യാൻ ടി.പി.കേസ് പ്രതികളടക്കമുള്ളവർക്ക് സാധിച്ചിരുന്നുവെന്ന് നേരത്തെ തന്നെ മനസിലാക്കിയിരുന്നു.