മുക്കം: പ്രദേശവാസികളുടേയും ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകരുടേയും ഗ്രാമ പഞ്ചായത്തിന്റേയും എതിര്‍പ്പ് മറികടന്ന് തോട്ടുമുക്കം മാടാമ്പി കിളിയാടന്‍ മലയില്‍ ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാവുന്നു. ഗ്രാമപഞ്ചായത്തും സിപിഎം ലോക്കല്‍ കമ്മറ്റിയും തളളിയ ക്വാറിക്ക് അനുമതി നല്‍കണമെന്നാവശ്യവുമായി സിപിഎം ഏരിയ കമ്മറ്റി രംഗത്തെത്തിയ സാഹചര്യത്തിലാണ് സിപിഎം അനുകൂല നിലപാട് സ്വീകരിക്കാറുള്ള ശാസ്ത്രസാഹിത്യ പരിഷത്തും ഏരിയ കമ്മിറ്റിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.
പുതിയ ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് ഗ്രാമപഞ്ചായത്തുകള്‍ പിന്മാറണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരിഷത്തുള്‍പ്പെടെയുള്ള പരിസ്ഥിതി സംഘടനകള്‍ കൂടി രംഗത്ത് വന്നതോടെ സിപിഎം നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായി. പ്രാദേശിക മേഖലയിലെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ഒരു കേന്ദ്ര കമ്മിറ്റി അംഗത്തിന്റെയും എംഎല്‍എയുടേയും ജില്ലാ കമ്മിറ്റിയിലെ ഉന്നതന്റെയും നേതൃത്വത്തില്‍ ക്വാറിക്ക് അനുമതി നല്കാന് നീക്കം നടക്കുന്നത്. ഇതിന് പിന്തുണയുമായി മുന്‍ലോക്കല്‍ സെക്രട്ടറിയും ചില ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉണ്ട്.
പ്രളയാനന്തരം മലയോര പഞ്ചായത്തുകളായ കൊടിയത്തൂര്‍, കാരശേരി, കൂടരഞ്ഞി എന്നിവിടങ്ങളില്‍ ജൈവവൈവിധ്യ ബോര്‍ഡ് നടത്തിയ പരിസ്ഥിതി ആഘാത പഠനങ്ങളിലും കൊടിയത്തൂരില്‍ നടന്ന ഇറിഗേഷന്‍ വകുപ്പിന്റെ നീര്‍ത്തട -നീര്ച്ചാല് സര്‍വേ റിപ്പോർട്ടുകളിലും മലയോരങ്ങളില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തണമെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
പുതിയ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും നിര്‍ദ്ദേശമുള്ള റിപ്പോര്‍ട്ടുകളെ മറികടന്നാണ് ക്വാറിക്ക് അനുമതി നല്കാന് നീക്കം നടക്കുന്നതെന്ന് പരിഷത്ത് ആരോപിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ പഴംപറമ്പില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചിരുന്നു. പഞ്ചായത്തിലെ തോണിച്ചാല്‍ പ്രദേശത്തും ചെങ്കല്‍ ഖനനം നടക്കുന്നുണ്ട്.
അനുമതിയില്ലാത്ത ഇത്തരം പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉടനെ നിര്ത്തിവയ്പിക്കാന് നടപടി സ്വീകരിക്കണമെന്നും പരിഷത്ത് മേഖല കമ്മറ്റി ആവശ്യപ്പെട്ടു. നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന തോട്ടുമുക്കം മേഖലയിലാണ് പുതിയതായി ഒന്നുകൂടി വരുന്നത്. യാതൊരു വിധ പരിശോധനകളും നടത്താതെ പ്രകൃതിയുടെ അമൂല്യമായ ധാതുക്കള്‍ ഖനനം ചെയ്യുന്നത് ഉരുള്‍പൊട്ടലുള്‍പ്പെടെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മേഖല കമ്മിറ്റി വ്യക്തമാക്കി.
പരിസ്ഥിതി ചൂഷണം നേരിടുന്ന പ്രദേശങ്ങളില്‍ സന്ദര്‍ശിച്ച് ജനകീയ തെളിവെടുപ്പും ആഘാതപഠനവും നടത്തി റിപ്പോര്‍ട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.യോഗത്തില്‍ സി.ദേവരാജന്‍ അധ്യക്ഷത വഹിച്ചു.വി.സജികുമാര്‍, ബോബി ജോസഫ്, പി.എന്‍.അജയന്, അഡ്വ.പി.കൃഷ്ണകുമാര്‍, വിജീഷ് പരവരി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തും സിപിഎം ലോക്കല്‍ കമ്മറ്റിയും തള്ളിയ ക്വാറിക്ക് അനുമതി നല്കാന് ഉന്നതര്‍ ഇടപെട്ട് ശ്രമം നടത്തുന്നതായി “രാഷ്ട്രദീപിക’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.