തളിപ്പറമ്പ്: തളിപ്പറന്പ് ഏരിയാ കമ്മിറ്റിക്ക് പിന്നാലെ ഇന്നലെ ചേർന്ന കോടല്ലൂർ, ബക്കളം, ആന്തൂർ ലോക്കൽ കമ്മറ്റികളുടെ സംയുക്ത യോഗത്തിലും ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ.ശ്യാമളക്ക് നേരെ രൂക്ഷ വിമർശനം. ചെയർപേഴ്സൻ സ്ഥാനത്തു നിന്ന് മാത്രമല്ല, പാർട്ടിയിൽ നിന്നു തന്നെ ഇത്തരത്തിലുള്ളവരെ പുറത്താക്കണമെന്ന നിലപാടിലായിരുന്നു മുതിർന്ന അംഗങ്ങൾ.
എന്നാൽ ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ പ്രശ്നം കൂടുതൽ രൂക്ഷമാക്കരുതെന്ന നിലപാടും ചിലർ സ്വീകരിച്ചു. അടിയന്തരമായി ഓഡിറ്റോറിയത്തിന് ലൈസൻസ് നൽകാനാണ് നഗരസഭ തയാറാകേണ്ടതെന്നും ആവശ്യമുയർന്നു. ഉദ്യോഗസ്ഥർക്ക് മുന്നിൽ കൗൺസിലർമാരും ഭരണ സമിതിയും ഓച്ഛാനിച്ചു നിൽക്കുന്ന ഇന്നത്തെ അവസ്ഥ മാറിയേ തീരുവെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
അതിനിടെ, പി.കെ.ശ്യാമളയ്ക്കെതിരെയുള്ള നടപടി പരസ്യശാസനയിൽ ഒതുക്കാനുള്ള നീക്കത്തിനെതിരെ സിപിഎമ്മിൽ ചേരിതിരിവ് ശക്തമാകുന്നതായി സൂചനയുണ്ട്. പി.കെ.ശ്യാമളയെ ചെയർപേഴ്സൻ സ്ഥാനത്തു നിന്ന് മാറ്റി പകരം പി.പി.ഉഷയെ ചെയർപേഴ്സൻ ആക്കാൻ ഒരു വിഭാഗം നീക്കം തുടങ്ങിയിട്ടുണ്ടെങ്കിലും ഇനി തദ്ദേശഭരണ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം അവശേഷിക്കെ അത് പാർട്ടിയിൽ വിഭാഗീയത വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
പി.ജയരാജൻ പാർട്ടി സെക്രട്ടറിയായിരിക്കെ നിർദേശിച്ച കാര്യം നടപ്പിലാക്കാതിരിക്കാൻ പി.കെ.ശ്യാമളയ്ക്ക് ഉണ്ടായിരുന്ന പിൻബലത്തെ ആരും നിസാരമാക്കി തളളിക്കളയുന്നില്ല. ഇപ്പോൾ നടപടിയെടുത്ത് ചെയർപേഴ്സൻ സ്ഥാനത്ത് നിന്ന് നീക്കിയാൽ ആന്തൂരിലെ പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ ചേരിതിരിവുണ്ടാകുമെന്ന വാദവും ഉയർന്നു വന്നിട്ടുണ്ട്.