ചന്ദ്രലേഖ എന്ന പ്രിയദർശൻ ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണ് ബോളിവുഡ് താരം പൂജ ബത്ര. ഒരു കാലത്ത് ഹിന്ദിക്കൊപ്പം തെന്നിന്ത്യൻ ഭാഷകളിലും തിരക്കുള്ള നായികയായിരുന്നെങ്കിലും കുറേക്കാലമായി അഭിനയരംഗത്തു നിന്ന് മാറി നിൽക്കുകയായിരുന്നു. പിന്നീട് 2017 ൽ മിറർ ഗെയിം എന്ന ചിത്രത്തിൽ അഭിനയിച്ചു.
ഇപ്പോളിതാ പൂജ വീണ്ടും വാർത്തകളിൽ നിറയുന്നു. 42-ാം വയസിൽ തനിക്കുണ്ടായ പ്രണയത്തെക്കുറിച്ച് പൂജ സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു. കാമുകനൊപ്പമുള്ള നിമിഷങ്ങൾ ആഘോഷമാണെന്നും പൂജ സൂചിപ്പിച്ചു. എന്നാൽ കാമുകന്റെ പേര് സൂചിപ്പിച്ചിരുന്നില്ല.
പൂജയ്ക്കൊപ്പമുള്ള ചിത്രങ്ങൾ നടൻ നവാബ് ഷാ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെകാമുകനാരെന്ന് ലോകമറിഞ്ഞു. നവാബ് ഷായും മലയാളികൾക്ക് സുപരിചിതനാണ്. ഇൻസ്പെക്ടർ ഗരുഡ്, കീർത്തിചക്ര, കാക്കി തുടങ്ങിയ ചിത്രങ്ങളിൽ നവാബ് ഷാ പ്രധാനപ്പെട്ട വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഇരുവരും ഇപ്പോൾ ഗോവയിൽ അവധിക്കാലമാഘോഷിക്കുകയാണ്. 2002ൽ സോനു അലുവാലിയയെ വിവാഹം കഴിച്ച പൂജ 2011ൽ വിവാഹ ബന്ധം വേർപെടുത്തിയിരുന്നു.