മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുന്നതിനു വഴികാട്ടിയുള്ള ദിശാബോർഡ് സ്ഥാപിച്ചു. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് ആറു മാസത്തിന് ശേഷമാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ മട്ടന്നൂർ ജംഗ്ഷനിൽ ബോർഡ് സ്ഥാപിച്ചത്.
വിമാനത്താവള നഗരമായ മട്ടന്നൂരിലെത്തുന്ന യാത്രക്കാർ വഴിയറിയാതെ വട്ടം കറങ്ങുന്നത് പതിവായിരുന്നു. വിമാനത്താവള കവാടത്തിലേക്ക് മട്ടന്നൂർ ടൗണിൽ നിന്നു രണ്ടു കിലോ മീറ്റർ ദൂരം മാത്രമുള്ളപ്പോൾ വഴി തെറ്റി കിലോമീറ്ററോളം കൂടുതൽ സഞ്ചരിക്കേണ്ടി വരുന്നുണ്ട്. എന്നാൽ, ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് വിമാനത്താവളത്തിലേക്ക് പോകുന്ന വഴി കാട്ടുന്ന ഒരു ബോർഡ് പോലും ടൗണിൽ സ്ഥാപിക്കാൻ അധികൃതർ തയാറാകാത്തത് ജനങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു.
കർണാടകത്തിൽ നിന്നെത്തുന്നവരാണ് കൂടുതലായും വട്ടം കറങ്ങുന്നത്. വിമാനത്താവളത്തിലേക്ക് പോകാൻ ഇരിട്ടി ഭാഗത്തു നിന്നും തലശേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളാണ് മട്ടന്നൂർ – ഇരിട്ടി റോഡ് ഇംഗ്ഷനിലെത്തുമ്പോൾ വഴി തെറ്റുന്നത്.
കണ്ണൂർ ഭാഗത്തു നിന്നു വരുന്ന വാഹനയാത്രക്കാർക്ക് കാണുന്നതിനു വായാന്തോട് ടൗണിൽ മാത്രമാണ് വിമാനത്താവളത്തിലേക്കുള്ള വഴി കാട്ടിയുളള ബോർഡ് അധികൃതർ സ്ഥാപിച്ചിരുന്നത്. ദിശാ ബോർഡ് സ്ഥാപിക്കാതെ വന്നതോടെ ജനങ്ങളിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് വെള്ളിയാഴ്ച ഉച്ചയോടെ മട്ടന്നൂർ – ഇരിട്ടി റോഡ് ജംഗ്ഷനിൽ ദിശാബോർഡ് സ്ഥാപിച്ചത്.