ഇന്ത്യയിൽ പുലികൾ ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെ ടുത്തുന്നവിധം കൂടുന്നതായി റിപ്പോർട്ട്. നാലു മാസത്തിനുള്ളിൽ ചത്തത് 218 പുലികളാണ്. വന്യജീവി സംരക്ഷണ സൊസൈറ്റി ഓഫ് ഇന്ത്യ(ഡബ്ല്യുപിഎസ്ഐ) നടത്തിയ പഠനത്തിൽ രാജ്യത്തു പുലികൾ വംശനാശ ഭീഷണി നേരിടുകയാണെന്നു കണ്ടെത്തി.
2009 മുതൽ സംഘടന പഠനം നടത്തുന്നുണ്ട്. 2019ലെ ആദ്യ നാലു മാസങ്ങളിൽ 218 പുലികൾ പല കാരണങ്ങളാൽ ചത്തു. 2018ൽ 500 പുലികളാണ് ചത്തത്. നാലു മാസത്തിനിടെ 40 ശതമാനം വർധനവാണ് ഉണ്ടായത്. 2018ലെ കണക്കെടുപ്പ് പ്രകാരം ഓരോ ദിവസവും ഇന്ത്യയിൽ ഒരു പുലി വീതം കിണറ്റിൽ വീ ണോ വാഹനങ്ങൾ ഇടിച്ചോ ആക്രമിക്കപ്പെട്ടോ ചാകുന്നുണ്ട്.
അതേസമയം, പുലികൾ ചത്തുവീഴുന്നതിന്റെ കൃത്യമായ കണക്ക് സർക്കാരുകളുടെ കൈവശമില്ല. ഇന്ത്യയിൽ വലിയ പൂച്ചകൾ എന്നറിയപ്പെടുന്ന പുലികളുടെ മരണനിരക്ക് കടുവകളെക്കാൾ കൂടുതലാണ്. ഇവയുടെ നിലനിൽപു തന്നെ ചോദ്യചിഹ്നമായെന്നു വന്യജീവി സംരക്ഷണ മേഖലയിലെ വിദഗ്ധർ പറയുന്നു.
2014-ൽ 41, 2015-ൽ 51, 2016-ൽ 51, 2017-ൽ 63, 2018-ൽ 80 എന്ന കണക്കിലാണ് റെയിൽവേ, റോഡ് അപകടങ്ങളിൽ പുലികൾ ചത്തത്. കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും അനധികൃതമായി സ്ഥാപിക്കുന്ന വൈദ്യുതവേലികളിൽ കുടുങ്ങിയും ചാകുന്നുണ്ട്.
അന്തർദേശീയ പരിസ്ഥിതി സംരക്ഷണ സംഘം, വളരെ പെട്ടെന്ന് അന്യംനിന്നുപോകുന്ന ജീവികളുടെ ചുവപ്പുപട്ടികയിൽ പുലികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 1972ലെ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമപ്രകാരം പുലികളെ സംരക്ഷിച്ചുവരുന്നുണ്ടെങ്കിലും മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല.
പുലികൾ ഉള്ള വനം ആരോഗ്യമുള്ള വനമെന്നാണു പറയുന്നത്. എന്നാൽ, വനമേഖല ശോഷിച്ചുവരുന്നു. മനുഷ്യരുടെ കടന്നുകയറ്റം വർധിച്ചതോടെ ഇവറ്റകൾ നിലനിൽപിനായി കാടിറങ്ങുന്നതായാണു കണ്ടെത്തൽ. വനമേഖലയിൽ കഴിയണമെങ്കിൽ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാക്കണം.
ഇന്ത്യയിൽ വന്യ ജീവി സംരക്ഷണ വകുപ്പ് 519 പദ്ധതികൾക്ക് അനുമതി നൽകി നടപ്പാക്കിവരുന്നുണ്ടെങ്കിലും ഭൂരിഭാഗം പദ്ധതികളും പുലിയടക്കമുള്ള വന്യജീവികളുടെ സംരക്ഷണത്തിന് ഉപയുക്തമാകുന്നില്ല.
ജിതേഷ് ചെറുവള്ളിൽ