തൃശൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനിയേയും മുഹമ്മദ് ഷാഫിയേയും ജയിൽ മാറ്റും. ഇരുവരേയും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് ഇവരിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്ത സാഹചര്യത്തിലാണ് നടപടി.
തടവുകാരിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കും. എല്ലാ ആഴ്ചയും റെയ്ഡുകൾ നടത്തുമെന്നും ജയിൽ മേധാവി പറഞ്ഞു. കൊടി സുനിയുടെ സെല്ലിൽ നിന്ന് സിം ഇല്ലാത്ത ഫോൺ ലഭിച്ചിട്ടുണ്ട്. 9048044411 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജയിലിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണൽ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ അപ്രതീക്ഷിത റെയ്ഡിലാണ് ഫോണുകൾ കണ്ടെടുത്തത്. ടി.പി. കേസിലെ പ്രതികൾ കഴിയുന്ന സെല്ലുകളിലടക്കം ഒരേസമയം റെയ്ഡ് നടത്തി. രണ്ട് സ്മാർട്ട് ഫോണുകളാണ് ടി.പി. കേസ് പ്രതിയായ ഷാഫിയിൽനിന്നു പിടിച്ചെടുത്തത്. ആകെ നാലു ഫോണു കൾ റെയ്ഡിൽ കണ്ടെത്തി.
ഷാഫിക്ക് പുറമെ കൊടിസുനിയും മനോജുമടക്കം അഞ്ചു പ്രതികൾ വിയ്യൂർ ജയിലിലുണ്ട്. ഇവർ നേരത്തെ കോഴിക്കോട് ജയിലിൽ ഫോണ് ഉപയോഗിച്ചത് വിവാദമായിരുന്നു.