തിരുവനന്തപുരം: മകൻ സ്ത്രീപീഡന കേസിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന സാഹചര്യത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിസ്ഥാനം ഒഴിയാമെന്ന കോടിയേരി ബാലകൃഷ്ണന്റെ നിർദേശം ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി. രാവിലെ സെക്രട്ടേറിയറ്റ് യോഗത്തിനു മുമ്പു മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച കോടിയേരി സെക്രട്ടറിസ്ഥാനം ഒഴിയാനുള്ള താത്പര്യം പ്രകടിപ്പിച്ചു.
എന്നാൽ, മകന്റെ കേസിന്റെ പേരിൽ സെക്രട്ടറിസ്ഥാനത്തു നിന്നു മാറിനിൽക്കുന്നതു പ്രശ്നം കൂടുതൽ ഗുരുതരമാക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റു യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുക്കാമെന്നും പിണറായി പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി പിണറായി വിഷയം സംസാരിച്ചു. അദ്ദേഹവും കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്നു മാറേണ്ടതില്ലെന്ന നിർദേശമാണു നൽകിയത്.
ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്റെ കേസും ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായിരുന്നു പ്രധാന ചർച്ചാവിഷയം. മകനുമായി ബന്ധപ്പെട്ട കേസും അനുബന്ധ കാര്യങ്ങളും കോടിയേരി ബാലകൃഷ്ണൻ സെക്രട്ടേറിയറ്റിൽ അവതരിപ്പിച്ചു.
കുടുംബവുമായി ബന്ധപ്പെട്ടു വരുന്ന വിവാദങ്ങൾ സമൂഹത്തിൽ പാർട്ടിക്കു ദോഷമുണ്ടാക്കുന്നതിനാൽ സെക്രട്ടറിസ്ഥാനത്തു തുടരുന്നത് അഭികാമ്യമല്ലെന്നും ഒഴിയാൻ പാർട്ടി അനുവാദം തരണമെന്നും കോടിയേരി പറഞ്ഞു. മകൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി കേസിനെ നേരിടണമെന്നും അല്ലാതെ വിവാദത്തിന്റെ പേരിൽ സെക്രട്ടറിസ്ഥാനത്തുനിന്നു മാറിനിൽക്കേണ്ടതില്ലെന്നുമായിരുന്നു സെക്രട്ടേറിയറ്റിന്റെ പൊതുവികാരം.
യുവതിയുടെ പരാതി പാർട്ടിയിൽ ചർച്ച ചെയ്തു കൂടുതൽ വഷളാക്കേണ്ടയെന്ന സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ യോഗത്തിൽ സൂചിപ്പിച്ചു. വിവാദം രൂക്ഷമായ സാഹചര്യത്തിൽ പാർട്ടി നിലപാട് ഇന്നലെത്തന്നെ മാധ്യമങ്ങളോടു വിശദീകരിക്കാൻ കോടിയേരിക്കു സെക്രട്ടേറിയറ്റ് നിർദേശം നൽകി. അദ്ദേഹം പത്രസമ്മേളനം നടത്തി തന്റെ നിലപാട് വിശദീകരിക്കുകയും ചെയ്തു.സാധാരണയായി സംസ്ഥാന സമിതി യോഗത്തിനു ശേഷമാണു പാർട്ടി സെക്രട്ടറി മാധ്യമങ്ങളെ കാണുന്നത്.
ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ കോടിയേരിയുടെ മകനുമായി ബന്ധപ്പെട്ടുള്ള വിഷയം ചർച്ച ചെയ്യാൻ സാധ്യതയില്ല. സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭ, താൻ നിർമിച്ച കൺവൻഷൻ സെന്ററിന് ഉടമസ്ഥാവകാശം നൽകാത്തതിനെത്തുടർന്നു പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവം പാർട്ടിക്കും സർക്കാരിനും അവമതിപ്പുണ്ടാക്കിയെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. വിഷയത്തിൽ നഗരസഭാ അധികാരികൾക്കു വീഴ്ച പറ്റിയിട്ടുണ്ട്.
വിഷയം പാർട്ടിതലത്തിൽ പരിശോധിച്ചു കണ്ണൂർ ജില്ലാ സെക്രട്ടറിയോടു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നു കോടിയേരി പറഞ്ഞു.നഗരസഭാ ചെയർപേഴ്സൺ ശ്യാമളയ് ക്കെതിരെ എന്തു നടപടി വേണമെന്ന കാര്യത്തിൽ ഈ റിപ്പോർട്ടുകൂടി പരിശോധിച്ചു സംസ്ഥാന സമിതിയിൽ തീരുമാനമെടുക്കാനാണു സാധ്യത.