എരുമേലി: തന്നെ പ്രേമിച്ചില്ലെങ്കിൽ പെട്രോൾ ഒഴിച്ചു കത്തിക്കുമെന്നു ഭീഷണിപ്പെടുത്തിയ യുവാവ് കടുത്ത ലഹരിക്കടിമയെന്ന് പോലീസ്. പെണ്‍കുട്ടി യഥാസമയം വിവരം വീട്ടുകാരെ അറയിച്ചതിനാൽ വലിയൊരു ദുരന്തത്തിൽ നിന്നാണ് എരുമേലിയിലെ കോളജ് വിദ്യാർഥിനി രക്ഷപ്പെട്ടത്. എന്നിട്ടും എന്തെല്ലാം പീഡനങ്ങൾ ഈ പെണ്‍കുട്ടി സഹിക്കേണ്ടി വന്നു.
വിദ്യാർഥിനിയുടെ പിന്നാലെ നടന്നു നടത്തിയ പ്രണയാഭ്യർഥനകൾ നിരാകരിച്ചതോടെ ആക്രമണത്തിലേക്ക് കടന്നു. ഇതോടെയാണ് സംഗതി പോലീസ് പോലും ഗൗരവത്തിലെടുത്തത്. ഇത്തരം കാര്യങ്ങൾ തുടക്കത്തിലേ അവസാനിപ്പിക്കാൻ പോലീസിന്റെ ഭാഗത്തു നിന്ന് ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ മറ്റൊരു സൗമ്യയായി മാറാൻ സാധ്യതയുള്ള സംഭവമാണിത്.
മുട്ടപ്പള്ളി വേലംപറന്പിൽ ആൽവിൻ വർഗീസ് (19) ആണ് പെണ്‍കുട്ടിയെ പെട്രോൾ ഒഴിച്ചു കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായത്. ഏറെ നാളായി ഒരു കോളജ് വിദ്യാർഥിനിക്കു പിന്നാലെ നടക്കുകയായിരുന്നു ആൽവിൻ ആന്റണി. തനിക്ക് പ്രേമമില്ലെന്നു പെണ്‍കുട്ടി പറഞ്ഞിട്ടും ഇയാൾ പിൻമാറിയില്ല. പെണ്‍കുട്ടി വരുന്ന വഴിക്കെല്ലാം കാത്തു നിൽക്കുക, പിന്നാലെ കൂടി പ്രണയാഭ്യർഥന നടത്തുക തുടങ്ങിയ വയെല്ലാം ചെയ്തിട്ടും പെണ്‍കുട്ടിക്ക് ഒരു മാറ്റവുമുണ്ടാകുന്നില്ലെന്നു കണ്ടപ്പോഴാണ് പീഡന മുറകൾ ആരംഭിച്ചത്.
കഞ്ചാവ് ലഹരിയിൽ കോളജിന്റെ മുന്നിൽ വിദ്യാർഥികളുടെ കാണ്‍കെ പെണ്‍കുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ പിന്തുടർന്ന യുവാവ് ബസ് സ്റ്റാൻഡിലിട്ട് വീണ്ടും ഉപദ്രവിച്ചു.
നാട്ടുകാർ എത്തിയതോടെ ഓടി രക്ഷപ്പെട്ട യുവാവ് പിറ്റേന്ന് വൈകുന്നേരം പെണ്‍കുട്ടി കോളജിൽ നിന്നും മടങ്ങിയെത്തുന്നതും കാത്ത് ബസ് സ്റ്റോപ്പിൽ നിൽക്കുന്പോഴാണ് പോലീസിന്റെ പിടിയിലായത്. പോലീസ് സ്റ്റേഷനിൽ വെച്ച് യുവാവ് പോലീസുകാർക്ക് നേരേ വെല്ലുവിളി മുഴക്കുകയും ആക്രോശിക്കുകയും ചെയ്തു.
രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയേയാണ് യുവാവ് നിരന്തരമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. യുവാവിനെ പ്രണയിച്ചില്ലെങ്കിൽ കൊല്ലുമെന്നാണ് ഭീഷണി മുഴക്കിയിരുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ ആദ്യം യുവാവിനെ താക്കീത് ചെയ്ത് വിട്ടിരുന്നെന്ന് പോലീസ് പറഞ്ഞു. വീണ്ടും യുവാവിൽ നിന്നും ഉപദ്രവമുണ്ടായപ്പോൾ പരാതിയെത്തുടർന്ന് പോലീസ് പിടികൂടിയിരുന്നു.
ഇതിന്റെ വിരോധത്തിൽ അടുത്ത ദിവസം യുവാവ് കടന്നുപിടിക്കുകയും മുഖത്തടിക്കുകയും ചെയ്തെന്ന് പെണ്‍കുട്ടി പറയുന്നു. ഭീതി മൂലം ഇക്കാര്യം പെണ്‍കുട്ടി വീട്ടിലറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് യുവാവ് കോളജിലും ബസ് സ്റ്റാൻഡിലും വെച്ച് വീണ്ടും ഉപദ്രവിച്ചത്. ഇതേത്തുടർന്ന് പെണ്‍കുട്ടിയുമായി ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ എത്തി വീണ്ടും പരാതി നൽകുകയായിരുന്നു.
പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഒളിവിൽ പോയ യുവാവ് ഇന്നലെ വൈകുന്നേരം പെണ്കുട്ടിയെത്തുന്ന സ്ഥലത്ത് ബസ് കാത്ത് നിൽക്കുന്നത് കണ്ട് നാട്ടുകാർ വിവരമറിയിക്കുകയും പോലീസെത്തി പിടികൂടുകയുമായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ സിഐ ദിലീപ് ഖാന്റെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടി അറസ്റ്റ് ചെയ്തത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതി റിമാൻഡ് ചെയ്തു.