തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തോൽവിയെ സംബന്ധിച്ച് ഗൗരവമായ പരിശോധന വേണമെന്നും ജനങ്ങളിൽ നിന്ന് പാർട്ടി അകലുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സമിതി. കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൻമേലുള്ള ചർച്ചയിലാണ് നേതാക്കൾ വിമർശനം ഉയർത്തിയത്.
ന്യൂനപക്ഷങ്ങൾ യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യുകയും എക്കാലവും കൂടെ നിന്നിരുന്ന ഭൂരിപക്ഷസമുദായം ശബരിമല വിഷയത്തിന്റെ പേരിൽ കൈവിടുകയും ചെയ്തു. ഇത് മുൻകൂട്ടി കാണാനോ ഫലപ്രദമായ നടപടികൾ സ്വീകരിക്കാനോ കേരളത്തിലെ പാർട്ടിക്ക് കഴിഞ്ഞില്ല.
ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ദോഷമായി ബാധിച്ചുവെന്നതിൽ തർക്കമില്ല. ഇക്കാര്യം മുൻകൂട്ടി അറിയാമായിരുന്നിട്ടും ശരിയായ നടപടി സ്വീകരിക്കാൻ സംസ്ഥാന നേതൃത്വത്തിനായില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു.
വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ഫലം സംബന്ധിച്ച് ശരിയായ വിലയിരുത്താൻ പാർട്ടി ജില്ലാ കമ്മിറ്റികൾക്ക് പോലും കഴിഞ്ഞില്ല. ജനങ്ങളുടെ മനസറിയുന്നതിൽ പാർട്ടിക്ക് പരാജയം സംഭവിച്ചെന്നാണ് ഇതിൽനിന്നു മനസിലാക്കേണ്ടതെന്നും സമിതിയിൽ വിമർശനമുണ്ടായി.