താനെ: ബാറിലെ അതിരുകടന്ന ആഘോഷം മോഷ്ടാവിനു കെണിയായി. റിയാസ് ഖാൻ എന്ന സ്ഥിരം കുറ്റവാളിയാണ് താനെ പോലീസിന്റെ വലയിൽ കുരുങ്ങിയത്.
മോഷണക്കേസുകളിൽ പ്രതിയായ റിയാസ് പോലീസിനെ വെട്ടിച്ചു മുങ്ങിനടക്കുകയായിരുന്നു. അടുത്തിടെ നഗരത്തിലെ ബാറുകളിൽ ഒരാൾ കണക്കില്ലാതെ പണം ചെലവഴിക്കുന്നതായി പോലീസിനു വിവരം ലഭിച്ചു.
ഇതോടെ കഴിഞ്ഞ ദിവസം പോലീസ് ബാറിലേക്ക് ഇരച്ചെത്തി പരിശോധന നടത്തി. ഈ സമയമാണ് സ്ഥിരം കുറ്റവാളിയായ റിയാസാണ് പണം ചെലവഴിക്കുന്നതെന്നു പോലീസിനു മനസിലാകുന്നത്.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് തുടർന്ന് നടത്തിയ പരിശോധനയിൽ 8.56 ലക്ഷം രൂപയുടെ മോഷണവസ്തുക്കൾ കണ്ടെടുത്തു. ആറു വെയർഹൗസുകളിൽ റിയാസ് മോഷണം നടത്തിയിട്ടുണ്ടെന്നു പോലീസ് പറയുന്നു.