ലക്നൗ: ഉത്തർപ്രദേശിലെ രാംപൂർ എസ്പി ഡോ. അജയ്പാൽ ശർമയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഹീറോ. ആറുവയസുകാരി ബാലികയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന പ്രതിയെ വെടിവച്ചിട്ടു പിടികൂടിയതിനാണ് ഉദ്യോഗസ്ഥനു കൈയടി. പെണ്കുട്ടിയെ പീഡിപ്പിച്ചുകൊന്നതു പ്രദേശവാസിയായ നാസിലാണെന്ന് പോലീസ് കണ്ടെത്തി. ഇയാളെ പിടികൂടാൻ എത്തിയപ്പോഴാണു പ്രതി പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചത്.
കന്പളിപ്പിച്ചു രക്ഷപ്പെടാൻ നോക്കിയ പ്രതിയെ എൻകൗണ്ടർ സ്പെഷലിസ്റ്റ് കൂടിയായ അജയ്പാൽ ഐപിഎസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. പ്രതിയുടെ കാലുകളിൽ ഇദ്ദേഹം വെടിയുതിർക്കുകയായിരുന്നു. മൂന്നു റൗണ്ട് വെടിയുതിർത്തെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. ഏറ്റുമുട്ടലിലൂടെ പിടികൂടിയ പ്രതി ആശുപത്രിയിൽ ചികിൽസയിലാണ്.
പ്രതി നാസിലിന്റെ അയൽവാസിയായ ആറുവയസുകാരിയെ കഴിഞ്ഞ മാസമാണു കാണാതായത്. കുട്ടിക്കായി പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി ക്രൂരമായ പീഡനത്തിനിരയായതായും പോലീസ് കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി നാസിലാണെന്നു തിരിച്ചറിഞ്ഞത്.
ഇതിന് പിന്നാലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടാവുകയും പ്രതിയെ വെടിവച്ച് വീഴ്ത്തുകയും ചെയ്തത്. ഇന്നലെ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് 1000ൽ അധികം ഫോൺ കോളുകൾ ലഭിച്ചതായി അജയ്പാൽ ട്വിറ്ററിൽ കുറിച്ചു.
യുപിയിൽ സിങ്കം എന്ന അപരനാമത്തിലാണ് അജയ്പാൽ അറിയപ്പെടുന്നത്. ദന്തഡോക്ടറായിരുന്ന അജയ്പാൽ. ലുധിയാനയിൽ നിന്നുള്ള 2011 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. എൻകൗണ്ടർ എന്നത് എപ്പോഴും അവസാനത്തെ ശ്രമം മാത്രമാണെന്ന് അജയ്പാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.