കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്ന ഹർജി പിൻവലിക്കാൻ അനുമതി തേടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നൽകിയ അപേക്ഷയിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അറിയിക്കണമെന്ന് ഹൈക്കോടതി. എതിർപ്പുണ്ടെങ്കിൽ പതിനാല് ദിവസത്തിനുള്ളിൽ അറിയിക്കണമെന്നാണ് കോടതിയുടെ നിർദേശം.
ആർക്കും എതിർപ്പില്ലെങ്കിൽ ജൂലൈ അഞ്ചാം തീയതി കേസ് അവസാനിപ്പിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. അതേസമയം, കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായാല്‍ സംസ്ഥാനത്തെ ആറു നിയമസഭാ മണ്ഡലങ്ങളിൽ മഞ്ചേശ്വരവും ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കും.
2016 ലെ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം നിയമസഭയില്‍ യുഡിഎഫിന്റെ പി .ബി. അബ്ദുൾ റസാഖിനോട് 89 വോട്ടുകൾക്കായിരുന്നു സുരേന്ദ്രൻ പരാജയപ്പെട്ടത്. സിപിഎമ്മും മുസ്ലീം ലീഗും ചേർന്ന് കള്ളവോട്ടും ക്രമക്കേടും നടത്തിയാണ് തന്നെ പരാജയപ്പെടുത്തിയത് എന്നായിരുന്നു കെ. സുരേന്ദ്രന്റെ ആരോപണം. ഫലം ചോദ്യം ചെയ്ത് സുരേന്ദ്രൻ നൽകിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് അബ്ദുൾ റസാഖ് അന്തരിച്ചത്.