പൂച്ചാക്കൽ: അഞ്ചുതുരുത്ത് ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്നമായ ഉൗടുപ്പുഴ-അഞ്ചുതുരുത്ത് പാലത്തിന് ഇനിയും എത്രനാൾ കാത്തിരിക്കണം എന്ന ചോദ്യത്തിനു തന്നെ വർഷങ്ങളുടെ പഴക്കമുണ്ട്. ഏകദേശം നാലു കിലോമീറ്ററോളം ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന പാണാവള്ളി പഞ്ചായത്തിലെ എട്ടാം വാർഡിലാണ് അഞ്ചുതുരുത്ത് ദ്വീപ് സ്ഥിതി ചെയ്യുന്നത്.
വേന്പനാട്ടു കായലാൽ ചുറ്റപ്പെട്ട ദ്വീപിൽ 93 കുടുംബങ്ങൾ ആണ് താമസിക്കുന്നത്. ഇവർക്ക് എന്തിനും ഏതിനും മറുകരയെ ആശ്രയിക്കണം. തെരഞ്ഞെടുപ്പ് സമയത്ത് മാറിമാറി വരുന്ന രാഷ്ട്രീയക്കാർ വാഗ്ദാനങ്ങൾ നൽകി പോകുന്നതല്ലാതെ ജയിച്ച് കഴിഞ്ഞാൽ തിരിഞ്ഞുപോലും നോക്കാറില്ലെന്നാണ് ദ്വീപ് നിവാസികളുടെ പരാതി. എറണാകുളം, ആലപ്പുഴ, ചേർത്തല ഭാഗങ്ങളിൽ ജോലിക്ക് പോകുന്നവരും സ്കൂൾ കുട്ടികളും അടക്കം നൂറുകണക്കിന് ദ്വീപ് നിവാസികൾ പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള കടത്തുവള്ളത്തെയാണ് ആശ്രയിക്കുന്നത്.
നല്ല ഒഴുക്കുള്ള സമയത്തും മഴയും കാറ്റും ഉള്ളപ്പോഴും ചെറുവള്ളത്തിലെ യാത്ര ഭയാനകമാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ സമയത്ത് ദ്വീപിലേക്ക് ഒരു നടപ്പാത നിർമിക്കുന്നതിന് പദ്ധതി ഇട്ടിരുന്നു. അതിനായി 75 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തിരുന്നു. 35 ലക്ഷം രൂപ പഞ്ചായത്ത് തനതു ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ലോകബാങ്ക് സഹായവും ചേർത്താണിത്.
രണ്ടുമീറ്റർ വീതിയിൽ നടപ്പാലം നിർമിക്കുന്നതിന് പഞ്ചായത്ത് കെല്ലിന്റെ സഹായത്തോടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. ഒന്നരക്കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുക. മൂന്നുവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുന്ന തരത്തിലാണ് പദ്ധതി തയാറാക്കിയത്. എന്നാൽ നിലവിലെ പഞ്ചായത്ത് കമ്മിറ്റി പാലം നിർമാണ പദ്ധതിയെ പൂർണമായും അവഗണിച്ച് ലോകബാങ്ക് അനുവദിച്ച 40 ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചെന്നും പദ്ധതി നടപ്പിലാക്കാതെ പോയെന്നും കോണ്ഗ്രസ് അംഗങ്ങൾ ആരോപിച്ചിരുന്നു.
എന്നാൽ മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി ലക്ഷ്യം കാണില്ല എന്ന് മനസിലാക്കിയതു കൊണ്ടാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.പകരം മുൻ എംഎൽഎ ആരിഫിന്റെയും പഞ്ചായത്ത് അധികൃതരുടെയും ശ്രമഫലമായി സംസ്ഥാന ഗവണ്മെന്റിന്റെ ഫണ്ടിൽ നിന്നും 10 കോടി രൂപ വകയിരുത്തിതിയിണ്ടെന്നും അതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വരികയാണ് എന്നും പാലം പൂർത്തിയാകുന്ന മുറയ്ക്ക് പഞ്ചായത്ത് കുടപുറം റോഡ് വീതി കൂട്ടി ടാറിംഗ് ചെയ്യുമെന്നും പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെന്പറുമായ ഇ.വി. പ്രേംലാൽ പറഞ്ഞു.
നിലവിൽ പഞ്ചായത്ത് പ്രതിമാസം 38500 രൂപ നൽകിയാണ് യാത്രക്കാർക്ക് കടത്തുവള്ളം ഏർപ്പെടുത്തിയിരിക്കുന്നത്.നിയമ നടപടികൾ പൂർത്തികരിച്ച് എത്രയും വേഗം പാലം നിർമാണം ആരംഭിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.