ചേർത്തല: മയക്കുമരുന്നുമായി എംബിഎ കാരൻ ഉൾപ്പെടെ രണ്ടുപേർ പോലീസിന്റെ പിടിയിൽ. അരൂർ വെളീപ്പറന്പ് ജംഷാദ് (32) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം ചേർത്തല സെന്റ് മൈക്കിൾസ് കോളജ് പരിസരത്തുനിന്നും ഓട്ടോ ഡ്രൈവറായ ചന്തിരൂർ പടിഞ്ഞാറെവാലെപറന്പിൽ അഖിലി (അപ്പു-26) നെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനെതുടർന്നാണ് ജംഷാദിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.
ചന്തിരൂർ മേഴ്സി സ്കൂളിനു സമീപത്തുനിന്നും പിടിയിലായ ജംഷാദിന്റെ പക്കൽ നിന്നും 12 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. എംബിഎ ബിരുദദാരിയായ ജംഷാദ് ബാംഗ്ലൂരിൽ പഠിക്കുന്നതിന്റെ ഇടയിലാണ് മയക്കുമരുന്ന് ഉപയോഗം തുടങ്ങിയത്. പഠനത്തിനുശേഷം നാട്ടിലെത്തിയ ഇയാൾ വിദേശത്തേക്കു പോയെങ്കിലും പിന്നീട് നാട്ടിലെത്തി മയക്കുമരുന്ന് കച്ചവടം തുടങ്ങുകയായിരുന്നു.
ബാംഗ്ലൂരിൽ ആയിരം രൂപയ്ക്കുകിട്ടുന്ന എംഡിഎംഎ എന്നപേരിലുള്ള രാസമരുന്ന് നാട്ടിൽ 3500 രൂപയ്ക്കുവരെ വിറ്റിരുന്നതായി പോലീസ് പറഞ്ഞു. ആഡംബരകാറിലാണ് കച്ചവടം നടത്തിയിരുന്നത്. ഇതിന്റെ ഉറവിടം തേടി അന്വേഷണം ബാംഗ്ലൂരിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി കെ.എം ടോമിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അർത്തുങ്കൽ പോലീസും ജില്ലാ നാർക്കോട്ടിക് സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. സംഘത്തിൽ എസ്ഐ മാരായ രാധാകൃഷ്ണൻ, ചന്ദ്രശേഖരൻനായർ, സിവിൽ പോലീസുകാരായ കെ.ജെ സേവ്യർ, കെ.പി ഗിരീഷ്, ബി. അനൂപ്, ജാക്സണ്, വർഗീസ് ഫ്രാൻസീസ്, രാജ്കുമാർ, ഹരികൃഷ്ണൻ തുടങ്ങിയർ പങ്കെടുത്തു.