ഫ്ളോറിഡ: ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുമ്പോഴുണ്ടാകുന്ന ചതികളെക്കുറിച്ച് പല കഥകളും നമ്മള് കേട്ടിട്ടുണ്ട്. ഓര്‍ഡര്‍ ചെയ്ത സാധനവുമായി പുലബന്ധം പോലുമില്ലാത്ത വസ്തുക്കളായിരിക്കും നമ്മെ തേടിയെത്തുക. ഇപ്പോഴിതാ ഓണ്‍ലൈനിലൂടെ താമസിക്കാനായി ഒരു ‘വില്ല’ ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ആള്‍ക്ക് കിട്ടിയ മുതലാണ് വാര്‍ത്തയായിരിക്കുന്നത്. ഫ്ളോറിഡയിലാണ് സംഭവം.
ഫ്ളോറിഡയിലെ താമറാക്കിലാണ് 9100( ഏകദേശം 6.3 ലക്ഷം രൂപ) ഡോളര്‍ മുടക്കി ഫ്ളോറിഡ സ്വദേശിയായ കെര്‍വില്ലെ ഹോള്‍നെസ് ഓണ്‍ലൈനിലുടെ വില്ലയെന്ന് തെറ്റിദ്ധരിച്ച് ഡീല്‍ ഉറപ്പിക്കുന്നത്. എന്നാല്‍ ഇയാള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്് വില്ലയ്ക്ക് മുന്നിലുള്ള ഒരടി വീതിയും 100 അടി നീളവും മാത്രമുള്ള പച്ചപ്പുല്ത്തകിടിയായിരുന്നു. വില്ലയുടെ വില്‍പ്പനയാണ് എന്ന് തെറ്റിദ്ധരിച്ചാണ് ഇയാള്‍ സ്പ്രിങ് ലേക്കിലെ നോര്ത്ത്വെസ്റ്റിലുള്ള 100 അടി മാത്രമുള്ള ഏകദേശം 3500( 50 ഡോളര്‍) രൂപ മാത്രം വിലമതിപ്പുള്ള പച്ചപ്പുല്‍ത്തകിടി ലേലത്തിലൂടെ സ്വന്തമാക്കിയത്. ബ്രോവാര്‍ഡ് ഓണ്‍ലൈന്‍ ലേലത്തിലൂടെയാണ് കെര്‍വില്ലെ വില്ലയെന്ന് തെറ്റിദ്ധരിച്ച് പച്ചപ്പുല്‍ത്തകിടി സ്വന്തം പേരില്‍ വാങ്ങിയത്.
കെര്‍വില്ലെ ഡീലുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും, മുടക്കിയ പണം തിരികെ കിട്ടാന്‍ ഫ്ളോറിഡയിലെ നിയമം അനുവദിക്കുന്നില്ലെന്നും അധികാരികള്‍ വ്യക്തമാക്കുന്നു. ഇത് ചതിയാണ്. വില്ലയ്ക്ക് നടുവിലുടെ കടന്നുപോകുന്ന പുല്‍ത്തകിടിയിലെ ഒരു ലൈന്‍ മാത്രമാണ് കിട്ടിയത്. വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതിന്റെ അതിര്‍ത്തി പോലും കാണിച്ചിരുന്നില്ലെന്നും വഞ്ചിക്കപ്പെട്ട കെര്‍വില്ലെ പറയുന്നു. പിന്നാലെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് അധികൃതര്‍ ഓണ്‍ലൈന്‍ സൈറ്റിനു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.