തിരുവനന്തപുരം: ബിനോയി കോടിയേരിക്കെതിരേ പീഡന പരാതി നൽകിയ യുവതിയെ കാണാൻ ഭാര്യ മുംബൈയിൽ പോയിരുന്നെന്നു സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിനോയിയുടെ അമ്മ എന്ന നിലയിൽ കാര്യങ്ങൾ അറിയാനാണ് വിനോദിനി മുംബൈയിൽ പോയതെന്നും കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിട്ടില്ലെന്നും കോടിയേരി മാധ്യമങ്ങളോടു പറഞ്ഞു.
കേസ് പരിഹരിക്കുന്നതിനായി ഒരു ഇടനിലക്കാരനെ നിശ്ചയിച്ചിട്ടില്ല. ഒത്തുതീർപ്പിനും ശ്രമിച്ചിട്ടില്ല. ബിനോയിയുടെ അമ്മ എന്ന നിലയിൽ സംഭവങ്ങളുടെ നിജസ്ഥിതി മനസിലാക്കാനാണ് തന്റെ ഭാര്യ വിനോദിനി മുംബൈയിൽ പോയത്. ഇക്കാര്യങ്ങളെ സംബന്ധിച്ചു ചോദിച്ചപ്പോൾ ബിനോയി ആരോപണങ്ങൾ നിഷേധിച്ചു. പരാതിക്കാരി ഹാജരാക്കിയ രേഖകൾ വ്യാജമെന്നും പറഞ്ഞതായി കോടിയേരി പറഞ്ഞു.
മകനെതിരായ ആരോപണങ്ങളുടെ പേരിൽ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമോ എന്ന ചോദ്യത്തിന്, രാജി വയ്ക്കില്ലെന്നും അതിന്റെ ആവശ്യമില്ലെന്നുമായിരുന്നു കോടിയേരിയുടെ മറുപടി. സത്യമെന്തെന്നു കോടതി പരിശോധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.