മുംബൈ: ബിഹാർ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിയുടെ അറസ്റ്റ് ഉടനില്ല. മുൻകൂർ ജാമ്യഹർജി പരിഗണിച്ചതിനു ശേഷം മാത്രം മതി അറസ്റ്റ് എന്ന തീരുമാനത്തിലാണ് മുംബൈ പോലീസ്.
ഹർജിയിൽ വിധി വന്നശേഷം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുന്നത് ഉൾപ്പടെയുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ബിനോയി സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഇന്നലെ മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതി പരിഗണിച്ചില്ല. ജഡ്ജ് എം.എച്ച് ഷെയ്ക്കാണ് കേസ് പരിഗണിക്കുന്നത്. 27 ന് വീണ്ടും പരിഗണിക്കും.
അതേസമയം, മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ബിനോയി കീഴടങ്ങാനാണ് സാധ്യത. കേരളത്തിൽ വച്ച് അറസ്റ്റുണ്ടായാൽ അതു പാർട്ടിക്കും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇടതു സർക്കാരിനും വലിയ ക്ഷീണമാകുമെന്നതിനാൽ മുംബൈയിൽ കീഴടങ്ങാനാണ് ബിനോയ്ക്ക് മേലുള്ള സമ്മർദം. അതിനിടെ കേസ് പുറത്തു നിന്ന് ഒത്തുതീർത്ത് യുവതിയെക്കൊണ്ട് പരാതി പിൻവലിപ്പിക്കാനുള്ള ശ്രമങ്ങളും മുംബൈ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.
ജാമ്യം കിട്ടിയതിന് ശേഷം പോലീസ് അന്വേഷണവുമായി സഹകരിക്കാം എന്ന കണക്കുകൂട്ടലിലാണ് ബിനോയ് ഉള്ളതെന്നാണ് അറിയുന്നത്. എന്നാൽ ബിനോയ്ക്കെതിരെ ശക്തമായ തെളിവുള്ളതിനാൽ കോടതി ജാമ്യം നൽകില്ലെന്നാണ് പ്രോസിക്യൂഷൻ കരുതുന്നത്.
കേസിൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്. 2009 മുതൽ 2015 വരെ ബിനോയ്ക്കൊപ്പം ഭാര്യയെ പോലെ ജീവിച്ചെന്ന് യുവതി പറയുമ്പോൾ എങ്ങനെയാണ് ബലാത്സംഗക്കുറ്റം നിലനിൽക്കുക എന്നാണ് പ്രതിഭാഗം അഭിഭാഷകൻ അശോക് ഗുപ്ത വാദിച്ചത്.
അതേസമയം വിവാഹവാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തുന്നത് ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. യുവതി പരാതി കൊടുത്തതിന് പിന്നാലെയാണ് ബിനോയി ഒളിവിൽ പോയത്. ബിനോയിയെ തേടി മുംബൈ പോലീസ് കേരളത്തിലും എത്തിയിരുന്നു.