മൂവാറ്റുപുഴ: കുട്ടികൾക്കും സഹപ്രവർത്തകർക്കുമടക്കം തീരാ നൊന്പരമായി രേവതി ടീച്ചറിന്റെ വേർപാട്. നിയന്ത്രണം നഷ്ടപെട്ട് പാഞ്ഞെത്തിയ കാറിനടിയിൽപെടാതെ കുട്ടികളെ രക്ഷപ്പെടുത്തിയ അധ്യാപികയുടെ മരണമാണു വിദ്യാർഥികൾക്കടക്കം നൊന്പരമായത്. മക്കളെ പോലെ സ്നേഹിച്ച വിദ്യാർഥികളുടെ ജീവൻ രക്ഷിക്കാനായാണു രേവതി ടീച്ചർ സ്വന്തം പ്രാണൻ വിട്ടു നൽകിയത്.
ഒട്ടേറെ വിദ്യാർഥികളുടെ ജീവനെടുക്കുമായിരുന്ന ദുരന്തം രേവതിയുടെ ജീവൻ ത്യജിച്ചുള്ള രക്ഷാപ്രവർത്തനത്തിലൂടെയാണ് ഒഴിവായത്. യോഗ ദിനാചരണത്തോടനുബന്ധിച്ചു സംഘടിപ്പിച്ചിരുന്ന റാലിയിൽ പങ്കെടുക്കാനുള്ള വിദ്യാർഥികളെ വരിയായി നിർത്തുകയായിരുന്നു രേവതി.
ഇതിനിടയിലാണ് കാർ നിയന്ത്രണം വിട്ട് വിദ്യാർഥികൾക്കിടയിലേക്കു പാഞ്ഞടുത്തത്. ഇതുകണ്ട് ഓടിയെത്തിയ രേവതി വിദ്യാർഥികളെ തള്ളി മാറ്റുന്നതിനിടെ നിലത്തേക്കു വീണു. കാർ രേവതിയെയും വലിച്ചിഴഞ്ഞു മുന്നോട്ടു നീങ്ങുന്പോഴും വിദ്യാർഥികളോട് ഓടിമാറാൻ കരഞ്ഞുവിളിക്കുകയായിരുന്നു അവർ. കാർ നിന്നപ്പോഴേക്കും രേവതി അവശയായി കഴഞ്ഞിരുന്നു.
ഗുരുതര പരിക്കേറ്റ രേവതി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞുവന്നത്. രേവതി ടീച്ചറുടെ തിരിച്ചു വരവിനായുള്ള വിദ്യാർഥികളുടെയും സഹ അധ്യാപകരുടെയും കുടുംബത്തിന്റെയും പ്രാർഥനകൾ വിഫലമാക്കി ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണു അവർ വിടപറഞ്ഞത്.
നട്ടെല്ലിനേറ്റ ക്ഷതമാണ് മരണകാരണം. ചികിത്സയിലിരിക്കെ ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോഴും അവർ അന്വേഷിച്ചത് വിദ്യാർഥികളുടെ കാര്യമായിരുന്നു.