മുംബൈ: മുംബൈ നഗരഹൃദയത്തിൽ ചരിത്രം കുറിച്ച റിയൽ എസ്റ്റേറ്റ് ഇടപാടുമായി ജാപ്പനീസ് കന്പനി. ബാന്ദ്ര കുർള കോംപ്ലക്സിൽ (ബികെസി) മൂന്ന് ഏക്കർ ഭൂമിയാണ് ജപ്പാൻ കന്പനിയായ സുമിടോമോ വാങ്ങുന്നത്. 2238 കോടി രൂപയ്ക്കാണ് ഇടപാട്. ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇടപാടാകും ഇതെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു.
745 കോടി രൂപയാണ് മുംബൈയിൽ ഒരേക്കർ ഭൂമിക്കായി ജാപ്പനീസ് കന്പനി മുടക്കുന്നത്. ഒരേക്കർ ഭൂമിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലകൂടിയാണിത്.
റിലയൻസ് ജിയോ ഗാർഡനു തൊട്ടരികെയാണ് ഈ മൂന്നേക്കർ ഭൂമി. മുംബൈ മെട്രോപൊളിറ്റൻ റീജണൽ ഡെവലപ്മെന്റ് അഥോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ഭൂമിക്കായി മാസങ്ങൾക്കു മുന്പ് ടെൻഡർ വിളിച്ചിരുന്നെങ്കിലും ആഭ്യന്തര ഇടപാടുകാർ എത്തിയില്ല. ഇതോടെയാണ് വിദേശ കന്പനികളെ ക്ഷണിച്ചത്. സുമിടോമോ മാത്രമാണ് ലേലത്തിനുണ്ടായിരുന്നത്.
2010-ൽ ലോധ ഗ്രൂപ്പ് 4050 കോടി രൂപ മുടക്കി മുംബൈ മെട്രോപൊളിറ്റൻ റീജണൽ ഡെവലപ്മെന്റ് അഥോറിറ്റിയുടെ 6.2 ഏക്കർ ഭൂമി വാങ്ങിയതായിരുന്നു അടുത്തിടെ നടന്ന ഏറ്റവും വലിയ ഭൂമി ഇടപാട്. വഡാലയിലായിരുന്നു ഈ വസ്തു. നരിമാൻ പോയിന്റിനും കഫ് പരേഡിനും ശേഷം മുംബൈയിലെ പ്രധാന വ്യവസായ കേന്ദ്രമാണ് ബാന്ദ്ര കുർള കോംപ്ലക്സ്.