തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്നു രണ്ടു വനിതാ തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് ജയിൽ ഡിഐജി സന്തോഷ് അന്വേഷിക്കും. നാളുകൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഇവർ ജയിൽ ചാടിയതെന്നാണ് അധികൃതരുടെ റിപ്പോർട്ട്.
അതേസമയം, ചൊവ്വാഴ്ച വൈകുന്നേരം ജയിലിൽനിന്നും ചാടിയ ശിൽപ്പ, സന്ധ്യ എന്നി തടവുകാരികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ജയിൽ ചാട്ടത്തെക്കുറിച്ച് മറ്റൊരു തടവുകാരിക്കും അറിവുണ്ടായിരുന്നു. ജയിൽ ചാടുന്നതിന് മുന്പ് ശിൽപ്പ മറ്റൊരു തടവുകാരിയെ ഫോണ് ചെയ്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ, നഗരൂർ എന്നീ പോലീസ് സ്റ്റേഷനുകളിലെ റിമാൻഡ് പ്രതികളാണ് ഇവർ. സന്ധ്യ മോഷണക്കേസിലും ശില്പ വഞ്ചനാക്കേസിലും ആണ് പ്രതികളായിട്ടുള്ളത്. ഇവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി സമീപത്തെ പോലീസ് സ്റ്റേഷനുകളിലേക്കും ജയിൽ ചാടിയ പ്രതികളുടെ ചിത്രം കൈമാറിയിട്ടുണ്ട്.