കണ്ണൂർ: തുടർച്ചയായി നാലു ദിവസമായി കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ റെയ്ഡിൽ ഇതുവരെ പിടികൂടിയത് 24 മൊബൈൽ ഫോണുകൾ. തിങ്കളാഴ്ച രാവിലെ മുതൽ രാത്രിവരെ ജയിൽ സൂപ്രണ്ട് ടി. ബാബുരാജന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ മാത്രം പത്തു മൊബൈൽ ഫോണുകൾ, നാലു പവർ ബാങ്ക്, പുകയില ഉത്പന്നങ്ങൾ എന്നിവ പിടികൂടിയിരുന്നു.
രണ്ട്, അഞ്ച്, ആറ്, ഏഴ് ബ്ലോക്കുകളിൽനിന്നാണ് ഇവ പിടികൂടിയത്. ഇവിടുത്തെ മേൽക്കൂരയിലും മറ്റും ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു ഫോണുകളും പവർ ബാങ്കുകളും. ഇന്നലെ നടത്തിയ റെയ്ഡിൽ ഏഴു മൊബൈലും ഒരു സിമ്മും കണ്ടെടുത്തു.
ഒരു മൊബൈൽഫോൺ തെങ്ങിന്റെ മുകളിൽനിന്നും ആറെണ്ണം ജയിൽ കോമ്പൗണ്ടിൽ കുഴിച്ചിട്ടനിലയിലുമാണു കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ ജയിൽ മേധാവി ഋഷിരാജ് സിംഗാണ് പരിശോധനപരമ്പരമ്പരയ്ക്ക് തുടക്കംകുറിച്ചത്. അന്ന് മൂന്ന് മൊബൈൽ ഫോണുകൾ, ചാർജറുകൾ, സിം കാർഡുകൾ, കഞ്ചാവ്, പുകയില ഉത്പന്നങ്ങൾ, മരുന്നുകൾ, റേഡിയോ, മൂന്ന് ചുറ്റിക, അഞ്ച് കത്രിക, ഇരുമ്പുകമ്പി, സമാന്തര പാചകത്തിന് ഉപയോഗിക്കുന്ന കത്തി, ചിരവ തുടങ്ങിയവ കണ്ടെത്തിയിരുന്നു.