മണിമല: മക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. കരിന്പനക്കുളം താന്നിക്കുഴി ഏർത്തേടത്ത് ജെയിംസിന്റെ മകൻ മനോജിനെ (48) ആണ് കാണാതായത്. ഇന്നലെ വൈകുന്നേരം അഞ്ചിന് വെള്ളാവൂർ തൂക്കുപാലത്തിന് സമീപമാണ് സംഭവം. തൂക്കുപാലം കാണാൻ വന്നതായിരുന്നു മനോജും ഭാര്യ നൈസും മക്കളായ സാൽവിനും സിയായും.
വെള്ളത്തിൽ ഇറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടപ്പോൾ ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിൽ മനോജ് ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. കുട്ടികളെ വെള്ളാവൂർ അഴകത്ത് ശശിധരൻ നായർ, കോട്ടാങ്ങൽ കളയാംകുഴിയിൽ വിഷ്ണു എന്നിവർ ചേർന്ന് രക്ഷപ്പെടുത്തി. മക്കളെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും മക്കളെ രക്ഷിക്കാൻ ചാടിയ പിതാവിനെ രക്ഷിക്കാനായില്ല.
മനോജിനായി മണിമല പോലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്സ് ടീമും നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ നടത്തി. വെളിച്ചക്കുറവു മൂലം ഇന്നലെ രാത്രി 10 വരെ തെരച്ചിൽ നടത്തിയിരുന്നു. ഇന്നു രാവിലെ എട്ടിനു തന്നെ പോലീസും ഫയർഫോഴ്സ് ടീമും നാട്ടുകാരും ചേർന്ന് തെരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്.