കോട്ടയം: കോട്ടയത്തിന്റെ പൈതൃക കാഴ്ചകൾ കണ്ടും ചരിത്ര വിശേഷങ്ങൾ കേട്ടും ഒരു കാൽനട യാത്ര. ‘ഓൾഡ് കോട്ടയം ഹെരിറ്റേജ് വോക്ക് ’ എന്നു പേരിട്ടിരിക്കുന്ന യാത്ര 30ന് രാവിലെ 10ന് കോട്ടയം ചെറിയ പള്ളിയിൽനിന്ന് ആരംഭിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്യുന്ന യാത്ര തളിയിൽ കോട്ട, തളിയിൽ ക്ഷേത്രം, താഴത്തങ്ങാടി ജുമാമസ്ജിദ്, ഇടയ്ക്കാട്ട് പള്ളി, വലിയ പള്ളി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം ഉച്ചയ്ക്ക് 12.30ന് ചെറിയ പള്ളിയിൽ തിരിച്ചെത്തും.
തെക്കുംകൂർ രാജവാഴ്ചയുടെ ഭരണ തലസ്ഥാനം എന്ന നിലയിൽ പഴയ കോട്ടയം നഗരത്തിന്റെ പ്രാധാന്യവും ചരിത്രത്തെ വ്യക്തമാക്കുന്ന ഭൂമിശാസ്ത്രപരമായ അടയാളങ്ങളും പൈതൃക സ് മാരകങ്ങളായ ആരാധനാലയങ്ങളുടെ ചരിത്രവും യാത്രയ്ക്കിടയിൽ ചർച്ച ചെയ്യപ്പെടും. ചരിത്ര വിദ്യാർഥികളും ചരിത്രകാരൻമാരും ഈ യാത്രയെ അനുഗമിക്കും.
മീനച്ചിലാറിന്റെ തീരത്ത് പുരാതന വാണിജ്യകേന്ദ്രമായി തുടങ്ങി തെക്കുംകൂർ നാട്ടുരാജ്യത്തിന്റെ ഭരണതലസ്ഥാനമായി മൂന്നര നൂറ്റാണ്ടോളം ചരിത്രത്തിൽ സ്ഥാനം നേടിയ കോട്ടയം പട്ടണത്തിന്റെ ഭൂതകാലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം കൂടിയാണ് ഈ യാത്ര. സാംസ്കാരിക സന്പന്നമാണ് കോട്ടയം. അതുപോലെ മതാതീതമായ ഒത്തൊരുമയാണ ്കോട്ടയത്തിന്റെ പൈതൃക സന്പത്ത്. രാജവാഴ്ചക്കാലത്തെ ഭരണ സംവിധാനങ്ങളെ നേരിട്ടറിയാനുള്ള അവസരം കൂടിയാണിതെന്ന് സംഘാടകർ പറയുന്നു.
കോട്ടയം ചെറിയപള്ളി മഹായിടവകയുടെ നേതൃത്വത്തിൽ കോട്ടയം നാട്ടുകൂട്ടം, തളിയിൽ മഹാദേവ ക്ഷേത്ര ഉപദേശക സമിതി, താഴത്തങ്ങാടി മുസ്ലിംം ജമാഅത്ത്, കോട്ടയം വലിയപളളി എന്നിവരാണ് യാത്ര സംഘടിപ്പിക്കുന്നത്.
ചെറിയ പളളിയിൽ ചേരുന്ന സമാപന സമ്മേളനം തെക്കുംകൂർ പാലസ് ചെറിയ തന്പുരാൻ പി.എൻ.രവിവർമരാജ ഉദ്ഘാടനം ചെയ്യും.
കോട്ടയം വലിയപള്ളി വികാരി ഫാ.പി.എ.ഫിലിപ്പ് അധ്യക്ഷത വഹിക്കും. ജാമിയ മില്ലിയ ഇസ്ലാമിക സർവകലാശാല അസോസിയേറ്റ് പ്രഫ.മാത്യു ജോസഫ് ചെങ്ങളവൻ മുഖ്യപ്രഭാഷണം നടത്തും.