കൊച്ചി: വിവാഹ അഭ്യർഥന നിരസിച്ചതിലുള്ള വിരോധംമൂലം പച്ചാളം സ്വദേശിനിയായ യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി അപമാനിക്കുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസിൽ പിടിയിലായ മധ്യവയസകനെ റിമാൻഡ് ചെയ്തു. എറണാകുളം നോർത്ത് പോലീസ് പിടികൂടിയ തൃപ്പൂണിത്തുറ സ്വദേശി ചന്ദ്രനെ (48) ആണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
പ്രതി കൊച്ചി കോർപറേഷനിലെ മാലിന്യം ശേഖരിക്കുന്ന തൊഴിലാളിയാണ്. ഇരുപത്തിമൂന്നുകാരിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി പച്ചാളം പാലത്തിനടിയിൽ കാത്തുനിന്ന ചന്ദ്രൻ യുവതിയോട് തന്നെ വിവാഹം കഴിക്കണമെന്ന് അഭ്യർഥിച്ചു.
പറ്റില്ലെന്ന് പറഞ്ഞപ്പോൾ യുവതിയെ കടന്നു പിടിച്ച് അതിക്രമം നടത്തുകയായിരുന്നു. മൂന്നുവർഷം മുന്‍പാണു ഇയാൾ മാലിന്യം ശേഖരിക്കാനായി യുവതിയുടെ വീട്ടിലെത്തിയത്. പിന്നീട് പ്രതി താൻ വിവാഹിതനല്ലെന്നും തന്നെ വിവാഹം കഴിക്കണമെന്നും യുവതിയോട് ആവശ്യപ്പെട്ടു.
യുവതി വിവാഹ അഭ്യർഥന നിരസിക്കുകയും വീട്ടിൽനിന്നു മാലിന്യം ശേഖരിക്കുന്ന ജോലി മറ്റൊരാളെ ഏൽപ്പിക്കുകയും ചെയ്തു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ നോർത്ത് എസ്ഐ വി.ബി. അനസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.