ചേര്‍ത്തല ഗവണ്‍മെന്റ് ആശുപത്രിയില്‍ വാലുള്ള മനുഷ്യക്കുഞ്ഞ് ! സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാലുള്ള നവജാതശിശുവിന്റെ ചിത്രങ്ങള്‍ ഒറിജിനല്‍ തന്നെ പക്ഷെ…

മലപ്പുറം:കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് വാലുള്ള മനുഷ്യക്കുഞ്ഞാണ് സോഷ്യല്‍ മീഡിയയിലെ താരം. ചേര്‍ത്തല ഗവണ്‍മെന്റ് ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ കാണാന്‍ വന്‍തിരക്കാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം സഹിചം പ്രചരിക്കുന്നത്. എന്നാല്‍ ചിത്രം സത്യമാണെങ്കിലും വാര്‍ത്ത പൂര്‍ണമായും സത്യമല്ല. ആദ്യം ഇന്ത്യയില്‍ വാലുള്ള കുഞ്ഞ് ജനിച്ചുവെന്ന പേരിലായിരുന്നു ഈ ചിത്രം പ്രചരിച്ചത്. പിന്നീടത് ചേര്‍ത്തലയായെന്നു മാത്രം.

ചിത്രം സഹിതമായതിനാല്‍ വ്യാജ മെസ്സേജ് കണ്ട പലരും വിശ്വസിച്ചു. എന്നാല്‍ സംഭവം വൈറലായതോടെ ചേര്‍ത്തല ഗവണ്‍മെന്റ് ആശുപത്രിയിലേക്കു വന്ന മെസ്സേജുകളും കോളുകളും കണ്ട് ആശുപത്രി അധികൃതര്‍ അന്താളിച്ചു പോയി. സംഭവം സത്യമല്ലെന്നു പറഞ്ഞ് അവര്‍ മടുക്കുകയും ചെയ്തു. വ്യാജ സന്ദേശത്തിന് ഉപയോഗിച്ച ഫോട്ടോ കേരളത്തിലെ ഇന്ത്യയിലോ ഉള്ളതല്ലെന്നതാണ് വാസ്തവം.സംഭവം ബംഗ്ലാദേശിലെ നോഖലി ജില്ലയില്‍ നടന്നതാണ്. 16 സെന്റിമീറ്റര്‍ നീളത്തില്‍ വാലുള്ള പെണ്‍കുഞ്ഞാണ് കഴിഞ്ഞ മെയ് 30 ന് അവിടെ ജനിച്ചത്. ധാക്ക ട്രിബുനെ എന്ന ഈ അത്ഭുതശിശുവിന്റെ ജനനത്തെ ഗൂഗിളില്‍ പരിശോധിച്ച വ്യക്തമായി മനസ്സിലാക്കാനാകും. ഇതെ ഫോട്ടോ ഉപയോഗിച്ചാണ് കേരളത്തില്‍ വ്യാപക പ്രചരണം നടന്നത്.

ചേര്‍ത്തല ഗവ.ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ കാണാന്‍ വമ്പന്‍ ജനാവലി എന്നും ഇന്ത്യയിലെ വാലുള്ള കുഞ്ഞെന്നുമൊക്കെയുള്ള തലക്കെട്ടുകളോടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടുകയാണ് ഇപ്പോഴും ഈ വാര്‍ത്ത. കേരളത്തില്‍ ജനിച്ചെന്ന് പറഞ്ഞു പ്രചരിച്ച ഈ വ്യാജവാര്‍ത്തയെ വാട്‌സ്ആപ്പ് ഏറ്റെടുത്തോടെയാണ് വൈറലായി മാറിയത്. വിചിത്രവും രസകരവുമായ അഭിപ്രായ പ്രകടനങ്ങളിലൂടെ തരംഗമായ ഈ വാര്‍ത്തയുടെ സത്യാവസ്ഥ മനസ്സിലാക്കാതെ, അത്ഭുത ശിശുവിനെ കാണാന്‍ ഇനി ആരും ചേര്‍ത്തലയ്ക്ക് വണ്ടി പിടിക്കേണ്ട.

ബംഗ്ലാദേശിലെ നോഖലി ജില്ലയില്‍ കഴിഞ്ഞ ആഴ്ച ബംഗബന്ധു ഷെയ്ഖ് മുജീബ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി യിലെ പ്രശസ്ത ശിശുരോഗ വിദഗ്ധനായ ഡോക്ടര്‍ നസ്റുല്‍ ഇസ്ലാം ആകാശ് ആണ് കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. തുടര്‍ന്ന് ധാക്കയിലെ അല്‍-കരീം ജനറല്‍ ആശുപത്രിയിലെ വിജയകരമായ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ 16 സെന്റിമീറ്റര്‍ നീളമുള്ള വാല്‍ ഡോക്ടര്‍ സുരക്ഷിതമായി നീക്കം ചെയ്തു.

അപൂര്‍വ്വമെങ്കിലും അപകടകരമായതല്ല ഈ സംഭവമെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അഭിപ്രായപ്പെട്ടിരുന്നു. എല്ലുകളോ നാഡീഞരമ്പുകളോ ഇല്ലാത്ത മാംസവളര്‍ച്ച മാത്രമായിരുന്നു കുഞ്ഞിന്റെ വാല്‍. സുഷുമ്‌ന നാഡിയുമായി ബന്ധമില്ലാതിരുന്നതിനാല്‍ അപകടകരമായിരുന്നില്ല ശസ്ത്രക്രിയ. ശരീരത്തിന് യാതൊരു ദോഷവും ഈ വാലുകൊണ്ട് സംഭവിക്കില്ലെന്നും അദ്ദേഹം തുടര്‍ന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി.

മനുഷ്യന്റെ ഗര്‍ഭാന്തര വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍, ഏകദേശം നാല് ആഴ്ചകള്‍ പ്രായമാവുമ്പോള്‍ ചെറിയ വാലോടു കൂടിയ രൂപാവസ്ഥയാണ് ഭ്രൂണത്തിനുള്ളത്. പിന്നീട് എട്ട് -പന്ത്രണ്ട് ആഴ്ചകള്‍ പിന്നിടുമ്പോള്‍ ആ വാല് അപ്രത്യക്ഷമാവുകയും ഒരു സാധാരണ കുഞ്ഞിന്റെ ഏകദേശ രൂപത്തിലേക്ക് വളരുകയും ചെയ്യുന്നു. എന്നാല്‍ വളരെ അപൂര്‍വമായി ചുരുക്കം കുഞ്ഞുങ്ങളില്‍ ചില തകരാറുകള്‍മൂലം ജനിക്കുമ്പോള്‍ വാലുകള്‍ കാണപ്പെടുന്നു.

ആരോഗ്യത്തിന് തടസ്സം സൃഷ്ടിക്കുന്നവയല്ല ഇത്തരം വാലുകള്‍ എന്നാണ് ഡോക്ടര്‍മാരുടെ പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായത്തില്‍ ലോകത്ത് പലഭാഗങ്ങളിലായി ഇത്തരം നാല്പതോളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബംഗ്ലാദേശിലെ ആദ്യത്തെ വാലുള്ള കുഞ്ഞാണ് ധാക്ക ട്രിബുനെ. എന്നാല്‍ ചില വളച്ചൊടിക്കല്‍ വിദഗ്ധന്മാര്‍ സംഭവം ശരിക്കും വളച്ചൊടിച്ചുവെന്നു വേണം പറയാന്‍.

Related posts