ഷൊർണൂർ: ഞാറ്റുവേലകൾ താളംതെറ്റിയതോടെ വരൾച്ചയുടെ പിടിയിലമർന്ന നെല്ലറയിൽ കാർഷികവൃത്തി നടത്താനാകാതെ കർഷകർ. ഗുരുതരമായ കാലാവസ്ഥാ വ്യതിയാനമാണ് ഇത്തവണയും സംഭവിച്ചിട്ടുള്ളത്.ആർത്തലച്ച് രാപകൽവ്യത്യാസമില്ലാതെ തുള്ളിമുറിയാത്ത വണ്ണം മഴ പെയ്യേണ്ട ഞാറ്റുവേലകൾ ഒന്നും സമൃദ്ധമാകാതെ വന്നതിനെത്തുടർന്നാണ് ഈ സ്ഥിതിയുണ്ടായത്. കഴിഞ്ഞവർഷം ഇക്കാലത്തു കുലംകുത്തി ഒഴുകിയിരുന്ന പുഴകളും നദികളും തോടുകളും മറ്റു ജലാശയങ്ങളും ഇപ്പോൾ വറ്റിവരണ്ടു കിടക്കുകയാണ്.
ഈ സ്ഥിതി തുടർന്നാൽ രൂക്ഷമായ കുടിവെള്ളക്ഷാമമാകും പരിണിതഫലം. ഒപ്പം അകാലത്തിൽ കൊടുംവരൾച്ചയും കാർഷികവൃത്തിയിൽ വറുതിയും ഉണ്ടാകും. വർഷമേഘങ്ങളെയും മഴദൈവങ്ങളെയും കാത്ത് ഞാറ്റുവേലകൾ എണ്ണി കണക്കുകൂട്ടി ഇരിക്കുന്ന കർഷകന്റെ മനസിൽ വലിയ വേവലാതിയാണ് അനുഭവപ്പെടുന്നത്.
ഒന്നാംവിള ഇറക്കാൻ ശക്തമായ മഴ ലഭിച്ചാൽ മാത്രമേ കർഷകർക്കു സാധിക്കുകയുള്ളൂ. ഇപ്പോഴത്തെ സ്ഥിതിയിൽ ഇതുസാധ്യമല്ല. ജലസമൃദ്ധി ഉണ്ടെങ്കിൽ മാത്രമേ കാർഷികവൃത്തിക്കു തുടർനടപടികൾ നടത്താനാകൂ. വരുംദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രഖ്യാപനം. ഇടവപ്പാതിയിലാണ് മഴതിമർത്തു പെയ്യണ്ടത്. എന്നാൽ ഇത്തവണ ഇടവപ്പാതി വന്നതും പോയതും അറിയാത്ത സ്ഥിതിയാണെന്നു കർഷകർ പറയുന്നു.
മിഥുനം പിറന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മഴ ദുർബലമായി തുടരുന്നത് വൻഭീഷണിയാണ് ഉയർത്തുന്നത്. പാലക്കാട്, തൃശൂർ, മലപ്പുറം അടക്കം മൂന്നു ജില്ലകൾക്കു പ്രധാന കുടിവെള്ളസ്രോതസായ ഭാരതപ്പുഴയിൽ ഇപ്പോൾ നീരൊഴുക്കുപോലുമില്ലെന്നുള്ളതാണ് സ്ഥിതി.കഴിഞ്ഞതവണ ഇതേസമയത്ത് ഇരുകരയും മുട്ടിയുരുമ്മിയാണ് നിള ഒഴുകിയിരുന്നത്. പ്രളയത്തിനുശേഷം പുഴയ്ക്കു വീതി കൂടിയതിനാൽ പരന്നൊഴുകാനുള്ള വെള്ളം ഇത്തവണ പുഴയിൽ ഉണ്ടാകുമോയെന്ന കാര്യം കണ്ടറിയണം. പാറകളും കാട്ടുചെടികളും മൂടാനുള്ള വെള്ളംപോലും ഇപ്പോൾ പുഴയിലില്ല. കഴിഞ്ഞവർഷം ജൂണ് മാസം മാത്രം 788.2 മില്ലിമീറ്റർ മഴ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ലഭിച്ചു. എന്നാൽ ഇത്തവണ ഇതിന്റെ മൂന്നിലൊന്നുപോലും ലഭിക്കാത്ത സ്ഥിതിയാണ്.