സ്വന്തംലേഖകൻ
തൃശൂർ: പട്ടാളം റോഡ് വികസനത്തിന് പോസ്റ്റോഫീസ് പൊളിക്കുന്നതിനായി കരാർ തയ്യാറാക്കിയപ്പോൾ ഉണ്ടായ ക്ലെറിക്കൽ തെറ്റ് തിരുത്താനാണ് രണ്ടു വർഷമെടുത്തതെന്ന് കോർപറേഷൻ ഭരണാധികാരികൾ. കരാറിന്റെ തുടക്കത്തിൽ എഴുതിയ വാചകത്തിൽ ഓർ’ എന്നത് അവസാനമെത്തിയപ്പോൾ ’ആൻഡ്’ ആയി മാറിയതാണ് വില്ലനായത്. രാജൻ പല്ലൻ മേയറായിരുന്നപ്പോഴാണ് കരാർ ഒപ്പുവച്ചത്.
പോസ്റ്റോഫീസ് കെട്ടിടം പണിതു കൊടുക്കുകയോ അല്ലെങ്കിൽ പണം കെട്ടിവയ്ക്കുകയോ ചെയ്യണമെന്നായിരുന്നു കരാറിന്റെ തുടക്കത്തിൽ. അവസാനമെത്തിയപ്പോൾ കെട്ടിടം പണിതു കൊടുക്കുകയും പണം കെട്ടിവയ്ക്കുകയും വേണമെന്നായി. ഓർ മാറി ആൻഡ് ആയപ്പോൾ അവസാനത്തെ വാചകത്തിൽ പിടിച്ച് പോസ്റ്റ് മാസ്റ്റർ ജനറൽ നിന്നപ്പോൾ അതംഗീകരിക്കാനാകില്ലെന്ന് കോർപറേഷൻ നിലപാടെടുത്തു. എന്നാൽ അത് ക്ലെറിക്കൽ തെറ്റാണെന്ന് തെളിയിക്കാൻ തയ്യാറാകാതെ കരാർ അപ്പാടെ മാറ്റാനുള്ള ശ്രമം നടത്തിയപ്പോഴാണ് പുതിയ കരാറിനായി രണ്ടു വർഷം സമയമെടുത്തത്.
ഒരു കൗണ്‍സിൽ യോഗം മുഴുവൻ ഇത് ചർച്ച ചെയ്ത് സമയം കളഞ്ഞെങ്കിലും പട്ടാളം റോഡിലെ പൊളിച്ച പോസ്റ്റോഫീസിന്റെ ഭാഗത്ത് റോഡാക്കി മാറ്റാനുള്ള ശ്രമം ഇനിയും തുടങ്ങിയിട്ടില്ല. ഇനി ഇത് റോഡായി മാറാൻ എത്ര വർഷം പിടിക്കുമെന്നാണ് നഗരവാസികളുടെ ചോദ്യം. പൊളിച്ചിട്ട പോസ്റ്റോഫീസ് കെട്ടിടത്തിന്റെ സ്ഥലത്ത് ഇപ്പോൾ വാഹന പാർക്കിംഗും തുടങ്ങി. ഇനി ഈ സ്ഥലം തട്ടുകടക്കാരുടേതായി മാറുമെന്ന് ബിജെപി കൗണ്‍സിലർ രാവുണ്ണി കൗണ്‍സിൽ യോഗത്തിൽ ആകുലപ്പെട്ടിരുന്നു.
പോസ്റ്റോഫീസിന്റെ സമീപമുള്ള ക്ഷേത്രത്തിന്റെ സ്ഥലം കൂടി എടുത്താലേ ഇവിടെ റോഡാക്കി മാറ്റാൻ സാധിക്കൂ. സ്ഥലം വിട്ടുനൽകുന്നതിനുള്ള കരാർ നേരത്തെ തന്നെ ക്ഷേത്രം ഭാരവാഹികൾ ഒപ്പിട്ട് നൽകിയിട്ടുണ്ടെന്നു പറയുന്നു. എന്നാൽ ഇപ്പോൾ ചില സമ്മർദ്ദങ്ങളുടെ ഭാഗമായി തുടർന്നും ചർച്ച നടത്തണമെന്ന നിലപാടിലെത്തിയിരിക്കയാണ്. സ്ഥലം വിട്ടു നൽകുന്നതിനായി ഒപ്പിട്ട കരാർ കോർപറേഷനിലുണ്ടെന്ന് മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി വ്യക്തമാക്കിയിരുന്നു.
പട്ടാളം റോഡിന്റെ ഇടതുവശത്തുള്ള സ്ഥലം കൂടി എടുത്താലേ വികസനം പൂർണമാകൂവെന്ന് കോണ്‍ഗ്രസ് കൗണ്‍സിലർമാർ പറഞ്ഞിരുന്നു. എന്നാൽ ഭരണകക്ഷിയംഗങ്ങൾ ഇതിന് മറുപടി പറയാതെ ഒഴിഞ്ഞു മാറാനാണ് ശ്രമിച്ചത്.വികസന പ്രവർത്തനങ്ങൾക്ക് ഒച്ചിന്റെ വേഗമാണിപ്പോഴെന്ന ആരോപണം ഏതാണ്ട് ശരി വയ്ക്കുന്ന രീതിയിലാണ് കോർപറേഷന്റെ പ്രവർത്തനങ്ങളെന്നാണ് നഗരവാസികളുടെ അഭിപ്രായം. ദിവാൻജിമൂല പാലത്തിന്റെ റോഡ് നിർമാണവും ഒച്ചിന്റെ വേഗത്തിലാണ് നീങ്ങുന്നത്.
എംഒ റോഡിലെ സബ് വേ പൂരത്തിനുമുന്പേ തീർക്കുമെന്ന് കോർപറേഷൻ പ്രഖ്യാപനം നടത്തിയെങ്കിലും ഇനിയും പണികൾ കഴിഞ്ഞിട്ടില്ല. പണികൾ വൈകുന്നതിന് പല ന്യായങ്ങൾ പറഞ്ഞാണ് ഭരണാധികാരികൾ രക്ഷപ്പെടുന്നത്. ബംഗാളികൾ വോട്ട് ചെയ്യാൻ പോയതിനാലാണ് പണികൾ വൈകാൻ കാരണമെന്നാണ് പറയുന്നത്. പൈപ്പിടുന്നതിനായി പൂരത്തിനും മുന്‍പേ പൊളിച്ചിട്ട റോഡുകൾ ടാർ ചെയ്യുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. പൂരത്തിന് ആളുകൾക്ക് മണ്ണും ചെളിയും ചവുട്ടി നടക്കേണ്ട ഗതികേടിലായിരുന്നു.
ഇപ്പോഴും വ്യാപാരികളുടെ കഷ്ടപ്പാടുകൾക്ക് കുറവില്ല. മഴയെത്തിയതാണ് പണികൾ വൈകാൻ കാരണമെന്നാണ് ഇതിന് ന്യായമായി കോർപറേഷൻ പറയുന്നത്. വേണ്ടത്ര കാഴ്ചപ്പാടില്ലാതെ പ്രവർത്തനങ്ങൾ നടത്തുന്നതിനാലാണ് പ്രശ്നങ്ങളുണ്ടാകുന്നതെന്നാണ് ആരോപണം. ശക്തനിലെ ട്രാഫിക് ഐലന്റിന്റെ ചുറ്റും ടൈൽസ് വിരിച്ചത് മാത്രമാണ് പറഞ്ഞ സമയത്തിനുള്ളിൽ കോർപറേഷൻ പണി കഴിച്ചിട്ടുള്ളത്. സിപിഎ സംസ്ഥാന സമ്മേളനം വന്നതിനാലാണ് ഇത് നടത്തിയതെന്ന ആരോപണം ഏതാണ്ട് ശരിയാണെന്ന് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.