മുക്കം: കിണര്‍ റീചാര്‍ജിംഗിനായി നിര്‍മിച്ച കുളത്തില്‍ “ചാകര’. കാരശേരി സ്വദേശി അബ്ദു പൊയിലിന്റെ ഒന്നരയേക്കര്‍ സ്ഥലത്താണ് മത്സ്യവും പച്ചക്കറികളും സുലഭമായി ലഭിക്കുന്നത്. കിണർ റീചാർജിംഗിനായി കുളം നിർമ്മിച്ചതോടെ ഇന്ന് കിണറ്റിൽ സുലഭമായി വെള്ളം ലഭിക്കുന്നതിനൊപ്പം തന്നെ ഒന്നരയേക്കർ സ്ഥലത്തെ ഫലവൃക്ഷ കൃഷിയിടം നനക്കുന്നതിനും മത്സ്യകൃഷിക്കും അക്വാ പോണിക് കൃഷി രീതിയിലൂടെ പച്ചക്കറികള്‍ക്കും ഏറെ സൗകര്യപ്രദമായി മാറിയത്.
വയനാട് അമ്പലവയലിലെ കാർഷിക വിജ്ഞാന കേന്ദ്രത്തിലെത്തി പഠിച്ചാണ് അബ്ദു സ്വന്തം ആശയങ്ങൾ കൂടി കൂട്ടി ചേർത്ത് കിണർ റിചാർജിംഗ് ആരംഭിച്ചത്. ഇതോടെ മുൻ വർഷങ്ങളിലെല്ലാം വറ്റിവരണ്ട അബ്ദുവിന്റെ വീട്ടിലെ കിണർ ഇത്തവണ ജലസമൃദ്ധമായത്.
രണ്ട് ലക്ഷത്തി എൺപതിനായിരം ലിറ്റർ വെള്ളം ശേഖരിക്കാനുള്ള ശേഷി ഈ കുളത്തിനുണ്ട്. കുറഞ്ഞ ചിലവിൽ നൂൽ ചാക്കിൽ സിമൻറ് മുക്കിയാണ് കുളം നിർമ്മിച്ചത്. റീചാർജിംഗ് തുടങ്ങിയതോടെ പരിസരത്തെ കിണറുകളിലും ഈ വേനലിൽ ജലക്ഷാമം അനുഭവപ്പെട്ടിട്ടില്ലന്ന് അബ്ദു പറയുന്നു.
1500 മത്സ്യങ്ങളാണ് കുളത്തിൽ വളരുന്നത്. അക്വാപോണിക് വഴി കക്കിരി, പയർ, വെണ്ട, മല്ലി, പുതിന, പാഷൻ ഫ്രൂട്ട് എന്നിവയും സമൃദ്ധമായി വളരുന്നുണ്ട്. തന്റെ വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ ഇവിടെ നിന്ന് ലഭിക്കുന്നതായി അബ്ദു പറഞ്ഞു.
ഒന്നര ഏക്കർ കൃഷിയിടത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ എത്തിച്ച വിവിധ ഇനം മാവുകളും പപ്പായയുമാണ് കൃഷി. ഏത് സീസണിലും കായ്ക്കുന്നതുൾപ്പെടെയുള്ള മാവുകൾ തന്നെയാണ് കൃഷിയിടത്തിലെ താരം. കാരശ്ശേരി കൃഷിഭവന്റെ മികച്ച പിന്തുണയും ആശ്വാസമാണ് .