മുംബൈ: ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള മത്സരത്തില്‍ മുഹമ്മദ് ഷാമിക്കു പകരം ഭുവനേശ്വര്‍ കുമാറിനെ ഇറക്കണമെന്ന് ഇതിഹാസതാരം സച്ചിന് തെണ്ടുല്‍ക്കര്‍.
ഭുവനേശ്വറിന് വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്ലിനെ ബുദ്ധിമുട്ടിക്കാനാകുമെന്നാണ് സച്ചിന്റെ അഭിപ്രായം. ഭുവനേശ്വര്‍ കുമാര്‍ ആരോഗ്യം വീണ്ടെടുത്ത് പരിശീലനം ആരംഭിച്ച കാര്യം സന്തോഷം നല്‍കുന്നതാണെന്നും അദ്ദേഹത്തിന്റെ ബോഡിലാംഗ്വേജ് ആത്മവിശ്വാസം നിറഞ്ഞതാണെന്നും തെണ്ടുല്‍ക്കര്‍ പറഞ്ഞു.
പാക്കിസ്ഥാനെതിരേയുള്ള മത്സരത്തിനിടെയാണ് ഭുവനേശ്വറിന് പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനെതിരേയുള്ള മത്സരം നഷ്ടമാകുകയും ചെയ്തു. പകരമിറങ്ങിയ ഷാമി അവസാന ഓവറില്‍ ഹാട്രിക് വിക്കറ്റുമായി ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തിരുന്നു.
2013ല്‍ സച്ചിന് തെണ്ടുല്‍ക്കറിന്റെ 200-ാമത്തെ വിരമിക്കല്‍ ടെസ്റ്റില്‍ ഗെയ്ലിനെതിരേയുള്ള ഭുവനേശ്വര്‍ കുമാറിന്റെ ബൗളിംഗിനെ അനുസ്മരിച്ചാണ് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞത്. ആ മത്സരത്തില്‍ ഭുവനേശ്വറിന്റെ പന്തുകള്‍ നേരിടാന്‍ ക്രിസ് ഗെയൽ ബുദ്ധിമുട്ടുകയായിരുന്നുവെന്നു സച്ചിന് പറഞ്ഞു.