ഗാന്ധിനഗർ: ശന്പള പരിഷ്കരണം ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് അധ്യാപകർ നാളെ സൂചനാ പണിമുടക്ക് നടത്തും. രാവിലെ 10 മുതൽ 11 വരെ ഒരു മണിക്കൂർ മാത്രമാണ് പണിമുടക്ക്. കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.റ്റി.എ) സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് കോട്ടയം മെഡിക്കൽ കോളജിലും ഡോക്ടർമാർ പണിമുടക്കുന്നത്.
അത്യാഹിതവിഭാഗം, തീവ്രപരിചരണ വിഭാഗം, ലേബർ റൂം, ശസ്ത്രക്രിയകൾ, ലാബ് തുടങ്ങി അടിയന്തര പ്രാധാന്യമുള്ള സേവനങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം പിജി, ഹൗസ് സർജൻ വിഭാഗങ്ങളും ജൂണിയർ ഡോക്ടർമാരും ഉള്ളതിനാൽ രോഗികൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാകാനിടയില്ല.
2008ൽ ആണ് അവസാനമായി ശന്പള പരിഷ്കരണം ലഭിച്ചത്.പത്തു വർഷത്തിനു ശേഷം 2018ൽ അടുത്ത ശന്പള പരിഷ്കരണം ഉണ്ടാവേണ്ടതായിരുന്നു പല പ്രാവശ്യം അധികൃതർക്ക് നോട്ടീസ് നൽകിയിട്ടും അനുകൂല നിലപാട് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കുന്നതെന്ന് കെജിഎംസിടിഎ പ്രസിഡന്റ് ഡോ. വി.സുരേഷ് ബാബു, സെക്രട്ടറി ഡോ.നിർമ്മൽ ഭാസ്കർ എന്നിവർ അറിയിച്ചു.
പണിമുടക്ക് ദിവസം അതാത് പ്രിൻസിപ്പൽ ഓഫീസിന് മുന്നിലും, തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മേധാവി (ഡി.എം.ഇ) യുടെ ഓഫീസിന് മുന്നിലും പ്രകടനവും പ്രതിഷേധ ധർണയും നടത്തും. സൂചനാ സമരം കൊണ്ടും ഫലമുണ്ടായില്ലെങ്കിൽ രണ്ടാഴ്ചയ്ക്കുശേഷം അനിശ്ചിതകാല സമരം നടത്തുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.