തിരുവനന്തപുരം: സർക്കാർ ,എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണയവും എയ്ഡഡ് സ്കൂളിലെ നിയമനാംഗീകാരവും 2019-20 വർഷം മുതൽ സമന്വയ എന്ന സോഫ്റ്റ്വേർ ഉപയോഗിച്ച് ഓണ്‍ലൈൻ ആയി നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിനുള്ള മാർഗനിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. മാർഗനിർദേശങ്ങൾ ചുവടെ .
2019-20 വർഷം തസ്തിക നിർണയത്തിന് സമന്വയയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഏതാനം വിഭാഗങ്ങളിലെ സ്കൂളുകളുടെ തസ്തിക നിർണയം മുൻവർഷത്തെപ്പോലെ മാനുവലായി നടത്തി ജൂണിൽ തന്നെ ഉത്തരവ് പുറപ്പെടുവിക്കാൻ നിർദേശം നല്‍കിയിരുന്നു. ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ ആംഗ്ലോ ഇന്ത്യൻ സ്കൂളുകളിലെ ഈ വർഷത്തെ തസ്തിക നിർണയവും മാനുവലായി ചെയ്യേണ്ടതാണ്. മറ്റേതെങ്കിലും സ്കൂളുകൾക്ക് തസ്തിക നിർണയം സമന്വയവഴി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അവയും ഈ വർഷം മാനുവലായി ചെയ്യണം.
സന്പൂർണയുടെ യൂസർ നെയിമും പാസ് വേർഡും ഉപയോഗിച്ചാണ് പ്രഥമാധ്യാപകർ ലോഗിൻ ചെയ്യേണ്ടത്. ഇന്നലെ മുതൽ ഈ സൗകര്യം പ്രഥമാധ്യാപകർക്ക് ലഭ്യമാണ്. പ്രഥമാധ്യാപകർ സൈറ്റ് ലോഗിൻ ചെയ്ത ശേഷം ഒന്നാം ടാബിൽ ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ എണ്ണം സംബന്ധിച്ച് പ്രഥമാധ്യാപകർ നല്കിയ വിശദാംശങ്ങൾ കാണാം. ഇത് പ്രഥമാധ്യാപകർ തന്നെ സൈറ്റിൽ കണ്‍ഫേം ചെയ്യണം.
സ്റ്റാഫ് സ്റ്റേറ്റ്മെന്റ് എന്ന ടാബിൽ ജീവനക്കാരുടെ വിശദാംശങ്ങളാണ് രേഖപ്പെടുത്തേണ്ടത്. ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ നല്‍കിയിട്ടുണ്ട്. അതനുസരിച്ചു വേണം പ്രഥമാധ്യാപകർ ജീവനക്കാരുടെ വിവരങ്ങൾ സമന്വയയിൽ രേഖപ്പെടുത്തേണ്ടത്. മൂന്നാമത്തെ ടാബിൽ സ്കൂളിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പ്ലാൻ എന്നിവ അപ്ലോഡ് ചെയ്യണം.
സ്കൂളിൽ യുഐഡി, ഇഐഡി ഇല്ലാത്ത വിദ്യാർഥികൾ ഉണ്ടെങ്കിൽ റീ അഡ്മിഷൻ ആൻഡ് സ്ട്രെംഗ്ത് എന്ന ടാബ് ദൃശ്യമാകും. ഇത്തരം കുട്ടികൾ ഉണ്ടെങ്കിൽ അവരെ സംബന്ധിച്ചുള്ള വിവവരങ്ങൾ ഈ ടാബിൽ രേഖപ്പെടുത്തണം. പ്രൈമറി സ്കൂളുകളും തസ്തിക കുറവുള്ള ഹൈസ്കൂളുകളും 27 നു വൈകുന്നേരം അഞ്ചിനുള്ളിലും മറ്റ് ഹൈസ്കൂളുകൾ 29 ന് വൈകുന്നേരം അഞ്ചിനുള്ളിലും വിവരങ്ങൾ അപ്ലോഡ് ചെയ്ത് സമർപ്പിക്കണം.