കോഴഞ്ചേരി: എമർജിംഗ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ടൂർഫെഡ് മുഖേന പുല്ലാട്ട് വിശ്രമ കേന്ദ്രം പണിയുന്നതിന് അനുമതി ലഭിച്ച പ്രവാസി മലയാളിക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ വിലക്ക്.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രത്യേക താത്പര്യപ്രകാരം 2012 ൽ തുടങ്ങിയ എമർജിംഗ് കേരള പദ്ധതിയിലാണ് പ്രവാസി മലയാളിയായ പുല്ലാട് വാടാത്ത് വീട്ടിൽ മാത്യു മാത്യു 2.5 കോടി രൂപയുടെ എക്കോ ഫ്രണ്ട്ലി ടൂറിസം പ്രോജക്ടായ വഴിയോര വിശ്രമ കേന്ദ്രം ആരംഭിക്കാൻ തുടങ്ങിയത്.
തിരുവല്ല – കുന്പഴ സംസ്ഥാന പാതയിലെ മുട്ടുമണ്ണിനും പുല്ലാടിനും മധ്യേയുള്ള സർവേ നന്പർ 271/1 ൽ ഉള്ള തന്റെ 1.14 ഏക്കർ സ്ഥലത്താണ് വിശ്രമ കേന്ദ്രത്തിന്റെ സ്ഥലം കണ്ടെത്തിയത്്. വിശ്രമ കേന്ദ്രവുമായി ബന്ധപ്പെട്ട്് മീൻകുളം, ചിൽഡ്രൻസ് പാർക്ക് , റെസ്റ്റോറന്റ്, വിശ്രമമുറി തുടങ്ങിയവയായിരുന്നു ആദ്യഘട്ടത്തിൽ ടൂർഫെഡ് നിർദ്ദേശിച്ച പ്രാഥമിക ക്രമീകരണങ്ങൾ. ഇവ നടപ്പിലാക്കുകയും ചെയ്തു. എന്നാൽ ഓരോ നിയമ തടസങ്ങൾ പറഞ്ഞ് പഞ്ചായത്ത്, റവന്യു വകുപ്പുകൾ അനുമതി നിഷേധിക്കുകയായിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസന്പർക്ക പരിപാടിയിൽ പ്രശ്നം ഉന്നയിക്കുകയും അനുമതി നൽകാൻ നിർദേശമുണ്ടാകുകയും ചെയ്തു. ഇൻഡസ്ട്രിയൽ ലൈസൻസ് ലഭ്യമല്ലായെന്ന് പറഞ്ഞ് വീണ്ടും പ്രാദേശിക ഭരണ കൂടം അനുമതി തടഞ്ഞെങ്കിലും 2013 നവംബർ 27 ന് ഇൻഡസ്ട്രിയൽ ലൈസൻസ് എടുക്കുകയും തുടർന്ന് പഞ്ചായത്ത് ഭരണ സമിതി അനുമതി നൽകുകയും ചെയ്തു. എന്നാൽ സർക്കാരിന്റെ മറ്റ് വകുപ്പുകൾ അനുമതി നിഷേധിച്ചതിനെതുടർന്ന് 2015 ൽ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.
2017 ജൂലൈ 21ന് പഞ്ചായത്ത് കമ്മിറ്റി വിശ്രമകേന്ദ്രത്തിന്റെ പ്ലാൻ അനുവദിക്കുകയും കെട്ടിടത്തിന്റെ ഒന്നാം ഘട്ടത്തിന് അനുമതി നൽകുകയും ചെയ്തു. എന്നാൽ രണ്ടാം ഘട്ടത്തിൽ വിശ്രമകേന്ദ്രത്തിന്റെ രണ്ടാം നിലയുടെ നിർമാണത്തിനുവേണ്ടി 2017 ൽ അപേക്ഷ സമർപ്പിച്ചിട്ടും തടസങ്ങൾ പറഞ്ഞ് ഇതുവരെയും അനുമതി നൽകിയില്ലെന്ന് മാത്യു മാത്യു പറഞ്ഞു.
ഏകദേശം രണ്ടു കോടി രൂപ മുതൽ മുടക്കുവരുന്ന പ്രോജക്ടിൽ 50 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കുകയും വള്ളം, പെഡൽ ബോട്ട് എന്നിവ സംഘടിപ്പിക്കുകയും ചെയ്തിട്ടും ം കോയിപ്രം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബോധപൂർവം അനുമതി നിഷേധിച്ചുവെന്നാണ് മാത്യുവിന്റെ പരാതി.പന്ത്രണ്ട് വർഷത്തോളം വിദേശത്ത് ജോലി ചെയ്ത ശേഷമാണ് ടൂറിസം മേഖലയിൽ ഇത്തരത്തിലുളള ഒരു പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചത്്. നോർക്ക റൂട്സിന്റെ പ്രവാസികൾക്കുള്ള 20 ലക്ഷം രൂപയുടെ വായ്പയെടുത്തിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാക്കി തുകകൾക്ക് അനുവാദം നൽകുകയും ചെയ്തതാണ്. എന്നാൽ തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെ അനുമതി നിഷേധം മൂലം ബാങ്ക് വായ്പ തരാത്തതിനാൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് വൻ കടബാധ്യതയാണ് തന്റെയും കുടുംബത്തിന്റെയും പേരിലുള്ളതെന്ന് മാത്യു മാത്യു പറഞ്ഞു. പ്രദേശ വാസികളായ രണ്ടു പേരുടെ പരാതി ഉണ്ടെന്നു പറഞ്ഞാണ് ഇപ്പോൾ അനുമതി നൽകാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.