കോതമംഗലം: നിപ്പ രോഗബാധയെന്ന സംശയത്തെ തുടർന്നു കോതമംഗലം താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി അടച്ചിട്ട സംഭവത്തിൽ രോഗിക്കു നിപ്പയല്ലെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ താലൂക്ക് ആശുപത്രിയിൽ പനി ബാധിതനായ യുവാവ് ചികിത്സയ്ക്കെത്തിയപ്പോഴാണ് നിപ്പ രോഗലക്ഷണങ്ങൾ സംശയിക്കപ്പെട്ടത്. തുടർന്ന് മണിക്കൂറുകളോളം കാഷ്വാലിറ്റി അടച്ചിട്ടു.
രോഗിയെ പ്രത്യേക മുൻകരുതൽ ക്രമീകരണങ്ങളോടെ വിദഗ്ധ പരിശോധനക്കായി കളമശേരി മെഡിക്കൽ കോളേജിലേക്കു മാറ്റുകയായിരുന്നു. പിണ്ടിമന പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഇന്നലെ രാവിലെ പനി ബാധിതനായ യുവാവ് ആദ്യം ചികിൽസ തേടിയെത്തിയത്. ലക്ഷണങ്ങളിൽ നിപ്പ രോഗം സംശയിച്ച് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
താലൂക്ക് ആശുപത്രിയിൽ എത്തിയ രോഗിയെ പ്രത്യേക മുൻകരുതൽ സംവിധാനം ഒരുക്കി ആംബുലൻസിൽ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും നിപ്പയല്ലെന്ന സൂചന ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. ഡെങ്കിപ്പനിയാണെന്നു പിന്നീട് സ്ഥിരീകരിച്ചതായാണ് അറിയുന്നത്.
രോഗലക്ഷണങ്ങൾ കണ്ട ഉടനെ നിപ്പയാണെന്ന സംശയത്തില്‍ കോതമംഗലം താലൂക്ക് ആശുപതിയില്‍ അടിയന്തിര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അത്യാഹിത വിഭാഗം ഏതാനും മണിക്കൂര്‍ അടച്ചിടുകയും കാഷ്വാലിറ്റിയിലുണ്ടായിരുന്ന രോഗികളെയും മറ്റും ആശുപത്രിയുടെ പുറത്തേക്ക് മാറ്റിയത് ഉൾപ്പെടെയുള്ള കരുതൽ നടപടികളും സ്വികരിച്ചിരുന്നു.
ഇതോടെ കോതമംഗലം നഗരത്തിലും പരിസര പ്രദേശത്തും ആശങ്ക ഉണർത്തിയെങ്കിലും നിപ്പ രോഗബാധയല്ലെന്ന് അറിഞ്ഞതോടെ ആശങ്കകൾ കെട്ടടങ്ങി. താലൂക്ക് ആശുപത്രിയിൽ നിന്നുംരോഗിയെ മാറ്റിയ ശേഷം ആശുപത്രിയുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് പുനസ്ഥാപിക്കുകയും ചെയ്തിതിരുന്നു.